ഉധംപുര്‍ ഭീകരാക്രമണം: ഭീകരര്‍ക്ക് നാട്ടുകാരുടെ സഹായം ലഭിച്ചതായി എന്‍.ഐ.എ

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിന് ഉധംപുരില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).
ആക്രമണത്തില്‍ അതിര്‍ത്തി രക്ഷാ സേനയിലെ രണ്ടുപേര്‍ കൊല്ലപ്പെടുകയും 13 ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ നാലു ലശ്കറെ ത്വയ്യിബ ഭീകരരെ ജൂണിനും ആഗസ്റ്റിനും ഇടയില്‍ രണ്ടുമാസം പ്രദേശവാസികള്‍ ഒളിപ്പിച്ചിരുന്നുവെന്ന് എന്‍.ഐ.എ ജമ്മു ഹൈകോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഭീകരര്‍ക്ക് ഒളിത്താവളമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് സഹായം ലഭിച്ചത്. ജൂണ്‍ രണ്ടിനാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇന്ത്യയിലെ അവരുടെ സഹായികളുമായി ജൂണ്‍ 6, 7 തീയതികളില്‍ ബാരാമുല്ല ജില്ലയിലെ ബാബാറിഷിയില്‍വെച്ച് കണ്ടുമുട്ടി എന്ന് കുറ്റപത്രത്തില്‍ പറയുന്നു.
 കേന്ദ്ര വാര്‍ത്താവിനിമയ വിവര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന്‍െറ റിപ്പോര്‍ട്ട്  ഈ വസ്തുത ശരിവെക്കുന്നതായി  കുറ്റപത്രത്തില്‍ പറയുന്നു. നവീദ്, മുഹമ്മദ് ഭായി, അബു നൊമാന്‍, അബു ഒകാഷ എന്നീ ഭീകരരും അവരെ  സഹായിച്ച ഏഴ് ഇന്ത്യക്കാര്‍ക്കുമെതിരെയുള്ള കുറ്റപത്രമാണ് എന്‍.ഐ.എ സമര്‍പ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.