രജനീകാന്തിനും ധീരുഭായ് അംബാനിക്കും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷൺ; പ്രിയങ്കാ ചോപ്രക്ക് പത്മശ്രീ

ന്യൂഡൽഹി: ഇത്തവണത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിശ്രുതനര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ജൈവകൃഷി ആചാര്യന്‍ സുഭാഷ് പലേക്കര്‍, ‘സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍, മുന്‍ സി.എ.ജി വിനോദ് റായ്, ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, നടന്‍ അനുപം ഖേര്‍, റിലയന്‍സ് ഗ്രൂപ് സ്ഥാപകന്‍ ധിരുബായ് അംബാനി,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായി അറിയപ്പെടുന്ന സ്വാമി ദയാനന്ദ സരസ്വതി എന്നിവരുള്‍പ്പെടെ 112 പേര്‍ക്കാണ് പത്മപുരസ്കാരം.

സുനിതക്കു പുറമേ സാമൂഹികപ്രവര്‍ത്തകന്‍ പി. ഗോപിനാഥന്‍ നായര്‍, വ്യവസായപ്രമുഖന്‍ ഡോ. സുന്ദര്‍ ആദിത്യ മേനോന്‍ (സുന്ദര്‍ മേനോന്‍) എന്നിവര്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍. അബ്കി ബാര്‍ മോദിസര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തിന്‍െറ ഉപജ്ഞാതാവ് പീയുഷ് പാണ്ഡേ, തെരഞ്ഞെടുപ്പിനുമുമ്പും അസഹിഷ്ണുത വിവാദം ഉയര്‍ന്നപ്പോഴും ബി.ജെ.പി പാളയത്തില്‍ ഉറച്ചുനിന്ന സംവിധായകന്‍ മധൂര്‍ ബണ്ടാര്‍ഖര്‍, തെരഞ്ഞെടുപ്പുറാലികളില്‍ താരമായ അജയ് ദേവ്ഗണ്‍, ജമ്മു-കശ്മീര്‍ മുന്‍ ഗവര്‍ണറും വാജ്പേയ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന ജഗ്മോഹന്‍, സ്വദേശികളും വിദേശികളുമായ യോഗവിദഗ്ധര്‍ എന്നിവരും പുരസ്കാരാര്‍ഹരായി. ചരിത്രത്തിലാദ്യമായി പാചകകലാ വിദഗ്ധരെയും പുരസ്കാരത്തിനായി പരിഗണിച്ചപ്പോള്‍ ഡല്‍ഹിയിലെ പാചകസുല്‍ത്താന്‍ ഇംതിയാസ് ഖുറേശി ഇടംനേടി.

10 പത്മവിഭൂഷണ്‍, 19 പത്മഭൂഷണ്‍, 83 പത്മശ്രീ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ഇതില്‍ 19 പേര്‍ വനിതകളാണ്. 10 പേര്‍ വിദേശികളും പ്രവാസികളും. നാലുപേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.

പത്മവിഭൂഷണ്‍: യാമിനി കൃഷ്ണമൂര്‍ത്തി (ശാസ്ത്രീയനൃത്തം), രജനികാന്ത് (സിനിമ), ഗിരിജാദേവി (ശാസ്ത്രീയസംഗീതം), റാമോജി റാവു (സാഹിത്യം-മാധ്യമം), ഡോ. വിശ്വനാഥന്‍ ശാന്ത (കാന്‍സര്‍ ചികിത്സ), ശ്രീശ്രീ രവിശങ്കര്‍ (ആത്മീയം), ജഗ്മോഹന്‍ (പൊതുഭരണം), ഡോ. വസുദേവ് കല്‍കുന്തേ ആത്രേ (ശാസ്ത്രം), അവിനാശ് ദീക്ഷിത് (സാഹിത്യം-വിദ്യാഭ്യാസം), ധീരുഭായ് അംബാനി (വ്യവസായം-മരണാനന്തരം)
പത്മഭൂഷണ്‍: അനുപംഖേര്‍ (സിനിമ), ഉദിത് നാരായണ്‍ (സംഗീതം), രാം വി സുതര്‍ (ശില്‍പകല), ഹെയിന്‍സം കനൈലാല്‍ (നാടകകല), വിനോദ് റായ് (സിവില്‍ സര്‍വിസ്), ഡോ. യര്‍ലഗഡ്ഡ ലക്ഷ്മിപ്രസാദ് (സാഹിത്യം-വിദ്യാഭ്യാസം), പ്രഫ. എന്‍.എസ്. രാമാനുജ തതാചര്യ (സാഹിത്യം-വിദ്യാഭ്യാസം), ഡോ. ബര്‍ജീന്ദര്‍ സിങ് ഹംദര്‍ദ് (സാഹിത്യം-മാധ്യമം), ഡോ. നാഗേശ്വര റെഡ്ഡി (ആരോഗ്യം), സ്വാമി തേജോമയാനന്ദ (ആത്മീയം), ഹഫീസ് കോണ്‍ട്രാക്ടര്‍ (വാസ്തുകല), രവീന്ദ്രചന്ദ്ര ഭാര്‍ഗവ (പൊതുഭരണം), ഡോ. വെങ്കടരാമ റാവു അല്ല (ശാസ്ത്രം), സൈന നെഹ്വാള്‍ (കായികം), സാനിയ മിര്‍സ (കായികം), ഇന്ദു ജെയിന്‍ (വാണിജ്യം), സ്വാമി ദയാനന്ദ സരസ്വതി (ആത്മീയം-മരണാനന്തരം), റോബര്‍ട്ട് ബ്ളാക്വില്‍ (പൊതുകാര്യം-അമേരിക്ക) പല്ളോന്‍ജി ഷപൂര്‍ജി മിസ്ത്രി (വ്യവസായം-അയര്‍ലന്‍ഡ്)

പത്മ പുരസ്‌കാരങ്ങളുടെ പൂര്‍ണ ലിസ്റ്റ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.