ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമാരോപിച്ച് രാജ്യത്ത് പലയിടങ്ങളിലായി 14 പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. രാജ്യത്ത് പലയിടത്തായി സമാന്തരസ്ഫോടനങ്ങള്‍ ആസൂത്രണംചെയ്ത ശൃംഖലയാണ് അറസ്റ്റിലായതെന്ന് എന്‍.ഐ.എ അറിയിച്ചു. നാലുപേരെ ഹൈദരാബാദില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ രാജസ്ഥാനിലും കര്‍ണാടകയിലും നടത്തിയ റെയ്ഡുകളില്‍ പിടികൂടി.
കര്‍ണാടകയില്‍ മൂന്നു പട്ടണങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. മംഗളൂരുവില്‍നിന്നും തുംകൂരുവില്‍നിന്നും ഓരോരുത്തരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ തീവ്രവാദി ആക്രമണം നടത്താനുദ്ദേശിച്ച ശൃംഖല സ്വന്തമായി സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനും പദ്ധതിയിട്ടിരുന്നു. ഹൈദരാബാദില്‍നിന്ന് പിടികൂടിയ നഫീസില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായും എന്‍.ഐ.എ അറിയിച്ചു. ശൃംഖല വിദേശത്താണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. റിപ്പബ്ളിക് ദിനത്തില്‍ പരക്കെ ആക്രമണം നടത്താനായിരുന്നു പദ്ധതി.
വ്യാഴാഴ്ച രാത്രിയാണ് എന്‍.ഐ.എ ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും രാജ്യത്തെമ്പാടും തിരച്ചില്‍ നടത്തുകയും ചെയ്തത്. അറസ്റ്റിലായവര്‍ ഭൂരിഭാഗവും പരിചിതരും സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു. ആറു മാസമായി പൊലീസ് ഇവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.