സസ്പെന്‍സിന് അന്ത്യം; ബി.ജെ.പി പിന്തുണയില്‍ മെഹബൂബ മുഖ്യമന്ത്രിയാകും

ശ്രീനഗര്‍: അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുമൊടുവില്‍ ബി.ജെ.പിയുമായി സഖ്യം തുടരാന്‍ പി.ഡി.പി തീരുമാനം. ഇതോടെ ജമ്മു-കശ്മീരില്‍ പ്രഥമ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി അധികാരമേല്‍ക്കും. ഉപാധികളില്ലാത്ത സഖ്യകക്ഷി ഭരണം തുടരാനും അഞ്ചു മണിക്കൂര്‍ നീണ്ട പി.ഡി.പി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഇരുപാര്‍ട്ടികളും തമ്മിലുണ്ടാക്കിയ കൂട്ടുഭരണ അജണ്ട തുടരും. സഖ്യകക്ഷി സര്‍ക്കാര്‍ എന്ന് രൂപവത്കരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. മെഹബൂബയെ  നിയമസഭാ കക്ഷി നേതാവായി യോഗം തെരഞ്ഞെടുത്തു. എന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെഹബൂബയെ ചുമതലപ്പെടുത്തിയതായി പി.ഡി.പി നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ നയിം അക്തര്‍ പറഞ്ഞു.

മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണത്തിനുശേഷം ആദ്യമായാണ് പാര്‍ട്ടിയുടെ  മുന്‍നിരനേതാക്കള്‍ യോഗം ചേര്‍ന്നത്. ജനുവരി ഏഴിന് മുഫ്തി മരിച്ചശേഷം പുതിയ സര്‍ക്കാര്‍ പെട്ടെന്ന് അധികാരമേല്‍ക്കാതിരുന്നതിനാല്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണ്. ബി.ജെ.പിയുമായി സഖ്യം തുടരേണ്ടതില്ളെന്ന് ചില നേതാക്കള്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ആറു വര്‍ഷത്തെ ഭരണകാലാവധി തീരുന്നതുവരെ ബി.ജെ.പിയുമായി കൂട്ടുകൂടുമെന്നുതന്നെയാണ് ഞായറാഴ്ച നയിം അക്തറുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. പി.ഡി.പിയുടെ തീരുമാനത്തിനായി ബി.ജെ.പി സംസ്ഥാന ഘടകം കാത്തിരിക്കുകയായിരുന്നു.

ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.  എന്നാല്‍, മകന്‍ ഉമര്‍ അബ്ദുല്ല ഇക്കാര്യം നിഷേധിച്ചു. മുഫ്തിയുടെ വികസന അജണ്ടയുമായി മുന്നോട്ടുപോകുമെന്നും ജനങ്ങളുടെ അന്തസ്സും സംസ്ഥാനത്തിന്‍െറ പുരോഗതിയുമാണ് ലക്ഷ്യമെന്നും പി.ഡി.പി വക്താവ് മെഹബൂബ് ബേഗ് പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനുമായി നല്ലബന്ധം കാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് പി.ഡി.പി കോര്‍ കമ്മിറ്റി യോഗം പിന്തുണയേകി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.