പത്താന്‍കോട്ട് :പാക് ബന്ധം തെളിയിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരരുടെ പാക് ബന്ധം തെളിയിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും കണ്ടെടുത്ത ബൈനോക്കുലറുകള്‍ യു.എസില്‍ നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. മാത്രമല്ല, ഈ ബൈനോക്കുലറുകളില്‍ യു.എസ് ആർമിയുടേതായ ചിഹ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന യു.എസ് സൈനിക ബേസുകളില്‍ നിന്നും തീവ്രവാദികൾ ഇവ മോഷ്ടിച്ചിരിക്കാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾക്കായി ബൈനോക്കുലറുകളിലെ സീരിയില്‍ നമ്പര്‍ ഇന്ത്യ അമേരിക്കക്ക് കൈമാറും. ഇത് മോഷ്ടിക്കപ്പെട്ടത് എപ്പോൾ, എവിടെ വെച്ച് എന്നീ വിവരങ്ങൾ എന്നിവ ഇന്ത്യ ആരാഞ്ഞിട്ടുണ്ട്. ബൈനോക്കുലറുകള്‍ക്ക് പുറമെ ഭീകരരുടെ തുണികളും ഷൂസുകളും ഉള്‍പ്പെടെയുള്ള വസ്തുക്കൾ പാക്കിസ്ഥാന്‍ ബന്ധം തെളിയിക്കുന്നതായി എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

 
പത്താൻകോട്ട് ഭീകരരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ
 

അതേസമയം, പത്താന്‍കോട്ട് എത്തുംമുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഓഫിസര്‍ സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരുന്നു. നാലു ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനുശേഷവും സല്‍വീന്ദര്‍ സിങ്ങിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ സംശയിക്കുന്ന സാഹചര്യത്തിലാണ് പോളിഗ്രാഫ് ടെസ്റ്റ്.  പഞ്ചാബില്‍ ശക്തമായ വേരോട്ടമുള്ള മയക്കുമരുന്നു മാഫിയയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുമരുന്നു മാഫിയയും ഭീകരശൃംഖലയുമായുള്ള ബന്ധമാണ് പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ എത്താന്‍ ഭീകരര്‍ക്ക് വഴിയൊരുക്കിയതെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു.

മയക്കുമരുന്നു മാഫിയാബന്ധത്തിലൂടെ സല്‍വീന്ദര്‍ സിങ് ഭീകരശൃംഖലയുടെ സഹായക കണ്ണികളിലൊന്നായിത്തീര്‍ന്നുവെന്ന് എന്‍.ഐ.എ കരുതുന്നു. ഇയാള്‍ പറയുന്ന മൊഴികളിലെ വൈരുധ്യം പുറത്തുവന്നിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയെന്ന് പറയുന്നദിവസം കാറിലുണ്ടായിരുന്ന ജ്വല്ലറിക്കാരന്‍, പാചകക്കാരന്‍, പ്രാര്‍ഥിക്കാന്‍ കയറിയെന്നുപറയുന്ന സിഖ് ക്ഷേത്രത്തിലെ പുരോഹിതന്‍ എന്നിവരുടെ ചോദ്യംചെയ്യലോടെയാണ് മൊഴികളിലെ വൈരുധ്യം വര്‍ധിച്ചത്. പോളിഗ്രാഫ് ടെസ്റ്റ് നടത്താന്‍, അതിനു വിധേയനാവുന്ന വ്യക്തിയുടെ സമ്മതം വേണം. സല്‍വീന്ദര്‍ പോളിഗ്രാഫിന് സമ്മതം മൂളിയിട്ടുണ്ട്. 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.