പുറത്താക്കലിന്‍െറ കാരണം തേടി സന്ദീപ് പാണ്ഡേയുടെ വിവരാവകാശ അപേക്ഷ

ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാല ഐ.ഐ.ടിയിലെ വിസിറ്റിങ് പ്രഫസര്‍ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട മഗ്സസെ അവാര്‍ഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡേ, തനിക്കെതിരായ നടപടിയുടെ കാരണം തേടി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു. പുറത്താക്കാന്‍ തീരുമാനമെടുത്ത ഡിസംബര്‍ 21ലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗത്തിന്‍െറ മിനുട്സ്, പുറത്താക്കലിന്‍െറ കാരണം എന്നിവയാണ് ആവശ്യപ്പെട്ടത്.
 പുറത്താക്കല്‍ ചര്‍ച്ച യോഗ അജണ്ടയില്‍ ഉണ്ടായിരുന്നോ, തീരുമാനമെടുത്ത യോഗത്തിന് ക്വാറം തികഞ്ഞിരുന്നോ എന്നീകാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്. രാജ്യത്ത്  വിവരാവകാശ നിയമം നടപ്പാക്കാനുള്ള കാമ്പയിനുകളുടെ തുടക്കക്കാരില്‍ ഒരാളാണ് പാണ്ഡേ. അതിനിടെ, പുറത്താക്കല്‍ തീരുമാനത്തിനെതിരെ കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. സ്വരാജ് അഭിയാന്‍ പ്രവര്‍ത്തകര്‍ സര്‍വകലാശാല പരിസരത്ത് ഒപ്പുശേഖരണം സംഘടിപ്പിച്ചു.
പുറത്താക്കല്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കു നിവേദനം സമര്‍പ്പിക്കാനായി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം ഓണ്‍ലൈന്‍ ഒപ്പുശേഖരണമാണ് നടത്തുന്നത്. ഈ വര്‍ഷം ജൂലൈ വരെ നിയമനകാലാവധിയുള്ള സന്ദീപിന്‍െറ ജോലി കരാര്‍ റദ്ദാക്കിയ അറിയിപ്പ് ജനുവരി ആറിനാണ് ലഭിച്ചത്.
കാമ്പസിലെ ജീവനക്കാരെ ജോലിയില്‍ നിന്നു പുറത്താക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും പാഠ്യചര്‍ച്ചയുടെ ഭാഗമായി ‘ഇന്ത്യാസ് ഡോട്ടര്‍’ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതും മുന്‍നിര്‍ത്തി സംഘ്പരിവാര്‍ സഹയാത്രികരായ ഉന്നതരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പാണ്ഡേയുടെ സേവനം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.