നേതാക്കളുടെ പേരിനുപകരം വിമാനത്താവളങ്ങള്‍ക്ക് നഗരങ്ങളുടെ പേര്

ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍ക്ക് ഇനി നേതാക്കളുടെ പേരില്‍ അറിയപ്പെടാന്‍ യോഗമുണ്ടാകില്ല; പകരം അവക്ക് നഗരങ്ങളുടെ പേരായിരിക്കും. പുതിയ വിമാനത്താവളങ്ങള്‍ക്ക് തൊട്ടടുത്ത നഗരത്തിന്‍െറ പേരിടാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ പരിഗണിച്ചുവരികയാണ്.
ചണ്ഡിഗഢിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആരുടെ പേരിടണമെന്നത് സംബന്ധിച്ച് ഹരിയാന, പഞ്ചാബ് സര്‍ക്കാറുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ നിര്‍ദേശത്തിലേക്ക് നയിച്ചത്. വിമാനത്താവളത്തിന് ആര്‍.എസ്.എസ് പ്രചാരക് മംഗള്‍ സെന്നിന്‍െറ പേരിടണമെന്ന് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ഭഗത്സിങ്ങിന്‍െറ പേരിടണമെന്നാണ് പഞ്ചാബിലെ ബാദല്‍ സര്‍ക്കാറിന്‍െറ ആവശ്യം.
തങ്ങളുടെ നേതാക്കളുടെ പേര് വിമാനത്താവളങ്ങള്‍ക്ക് ഇടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം പലപ്പോഴും വിവാദത്തിലും തര്‍ക്കത്തിലുമാണ് കലാശിക്കാറ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍െറ പേരിടണമെന്ന ആവശ്യം ഇതിലൊന്നാണ്. ബംഗളൂരു വിമാനത്താവളത്തിന്‍െറ പേരിടല്‍ പ്രശ്നവും ഈയിടെ വിവാദമായിരുന്നു. വിമാനത്താവളങ്ങളുടെ പുനര്‍നാമകരണം സങ്കീര്‍ണപ്രക്രിയയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍ദേശം വ്യോമയാനമന്ത്രാലയത്തിന് ലഭിച്ചുകഴിഞ്ഞാല്‍ കാബിനറ്റ് അംഗീകാരത്തിനുശേഷം ഇത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയാണ് പതിവ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.