ഒറ്റ, ഇരട്ട നമ്പര്‍ ട്രാഫിക് പരിഷ്കാരം ഒരാഴ്ച പോരേയെന്ന് ഹൈകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒറ്റ, ഇരട്ട നമ്പര്‍ ട്രാഫിക് പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്ക് നടപ്പാക്കുന്നത് എന്തിനെന്ന് ഡല്‍ഹി ഹൈകോടതി. പുതിയ പരിഷ്കരണത്തിന്‍െറ ട്രയല്‍ ഒരാഴ്ച പോരേയെന്ന് കോടതി ചോദിച്ചു. ട്രാഫിക് നിയന്ത്രണത്തില്‍ അയവു വരുത്താന്‍ ആവശ്യപ്പെട്ട കോടതി പുതിയ പരിഷ്കരണം മൂലം വായു മിലിനീകരണം കുറഞ്ഞിട്ടുണ്ടോ എന്ന് ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ഒറ്റ, ഇരട്ട ട്രാഫിക് പരിഷ്കരണം പൊതു ജനങ്ങള്‍ക്ക് സൃഷ്ടിച്ച അസൗകര്യം സര്‍ക്കാര്‍ മനസ്സിലാക്കണം. ഡല്‍ഹിയില്‍ പൊതുഗതാഗത സൗകര്യം കുറവാണെന്ന കാര്യം കോടതി ഓര്‍മിപ്പിച്ചു. തങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, മിലിനീകരണത്തില്‍ കുറവു വന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മലിനീകരണം കുറച്ചു കൊണ്ടു വരുന്നതിനാണ് ഈ നടപടികള്‍ സ്വീകരിച്ചത്. അതിലേക്കുള്ള ചെറിയ ചുവടുവെപ്പാണിതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഒറ്റ അക്ക തീയതികളില്‍ ഒറ്റ നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട അക്ക തീയതികളില്‍ ഇരട്ട നമ്പര്‍ വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാവൂ എന്നായിരുന്നു പുതിയ പരിഷ്കാരം. ജനുവരി ഒന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്കരണം കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്്. ഇരു ചക്രങ്ങളേയും പൊതു ഗതാഗത വാഹനങ്ങളേയും വി.ഐ.പി വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പുതിയ പരിഷ്കാരത്തിനെതിരെ അഭിഭാഷകരടക്കം നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ഡല്‍ഹി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.