ക്രമസമാധാന നിലയെച്ചൊല്ലി ബീഹാറിൽ ആർ.ജെ.ഡി- ജെ.ഡി.യു പോര്

പട്‌ന: ബിഹാറില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും ഇടയുന്നു. സംസ്ഥാനത്ത് മൂന്ന് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്പരം ആരോപണങ്ങളുമായി ഭരണകക്ഷി നേതാക്കൾ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവാണ് വാക്പോരിന് തുടക്കമിട്ടത്. ക്രമസമാധാനനിലയിൽ സർക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ലാലു വ്യക്തമാക്കി. മോഷണമോ പിടിച്ച് പറിയോ ഉണ്ടായാൽ തന്നെ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ലാലുവിനു ശേഷം സമാന അഭിപ്രായവുമായി  ആര്‍.ജെ.ഡി വൈസ് പ്രസിഡന്റ് രഘുവന്‍ഷ് പ്രസാദ് പിന്നീട് രംഗത്തെത്തുകയായിരുന്നു. ക്രമസമാധാന തകര്‍ച്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാനത്തെ നയിക്കുന്നവര്‍ക്ക് ഒഴിയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവരാണ്. വാഹനം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറാണ്. അദ്ദേഹത്തിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാനാകില്ലെന്നും  പ്രസാദ് പറഞ്ഞു. നിതീഷ്കുമാറിനെതിരായ ആര്‍.ജെ.ഡി വിമര്‍ശങ്ങള്‍ക്കെതിരെ ജെ.ഡി.യു നേതാക്കള്‍ പിന്നീട് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനതകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് നിതീഷ് കുമാറാണെന്നും ജോലി എങ്ങനെ ചെയ്യണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും ജെ.ഡി.യു എം.എല്‍.എ ശ്യാം രാജക് വ്യക്തമാക്കി. എന്നാൽ നിതിഷ് കുമാർ ഇതു വരെ വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.

20 വർഷത്തിനു ശേഷം ഇരു കക്ഷികളും ഒന്നിച്ചതിൻെറ ഒന്നാം വാർഷികത്തിലാണ് ക്രമസമാധാന നിലയെച്ചൊല്ലി പരസ്യ പോര് വരുന്നത്. എഞ്ചിനീയർമാർ കൊല്ലപ്പെട്ടത് പ്രതിപക്ഷമായ ബി.ജെ.പി ഇപ്പോൾ രാഷ്ട്രീയ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.