ഇശ്റത് ജഹാന്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ കേന്ദ്രത്തിന്‍െറ അറിവോടെ –ജി.കെ. പിള്ള

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഇശ്റത് ജഹാന്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷാസേന വെടിവച്ചുകൊന്നത് കേന്ദ്രസര്‍ക്കാറിന്‍െറ അറിവോടെയായിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പദ്ധതിയുടെ ഭാഗമായിരുന്നു ഏറ്റുമുട്ടലെന്നും ‘ദി ഇന്ത്യന്‍ എക്സ്പ്രസി’ന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2004 ജൂണ്‍ 15നാണ് ഇശ്റത് ജഹാന്‍, ജാവേദ് ശൈഖ് എന്നിവരും സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നീ പാകിസ്താന്‍കാരും അഹ്മദാബാദിനടുത്ത കോതാര്‍പുറിലുണ്ടായ വെടിവെപ്പില്‍ മരിച്ചത്.

ഏറ്റുമുട്ടല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ വിജയകരമായ പദ്ധതിയായിരുന്നുവെന്നും ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തനം ചോര്‍ത്താനും അവര്‍ ഇന്ത്യയിലേക്കയച്ച കൊലയാളികളെ നിരീക്ഷിക്കാനും ഇന്ത്യയുടെ സുരക്ഷാ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നും പിള്ള പറഞ്ഞു. ഇതേതുടര്‍ന്നാണ് ആസൂത്രിതമായി ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചത്.

രാജ്യസുരക്ഷക്ക് ഭീഷണിയാവുന്ന കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പല രഹസ്യനീക്കങ്ങളും ഉണ്ടാകും. അത്തരം കാര്യങ്ങള്‍ എല്ലാവരെയും അറിയിച്ച് നടത്താനാവില്ളെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത്തരം ഓപറേഷനുകള്‍ ലോകത്തെ പല ഇന്‍റലിജന്‍സ് ഏജന്‍സികളും നടത്താറുമുണ്ട്.
പൂഞ്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലശ്കര്‍ തീവ്രവാദി ഇഹ്സാന്‍ ഇലാഹി എന്നയാളുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താനില്‍ പരിശീലനം നേടിയ ഗുജറാത്തികളായ രണ്ടു തീവ്രവാദികളെ 2004 ഫെബ്രുവരിയില്‍ ഐ.ബി തിരിച്ചറിഞ്ഞിരുന്നു.

ഇവരെ സി.ബി.ഐ രേഖകളില്‍ സി1, സി2 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ഐ.ബിക്കുവേണ്ടി പ്രവര്‍ത്തിച്ച ഇവര്‍ വഴിയാണ് നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ നേതാക്കളെ വധിക്കാനുള്ള ലശ്കര്‍ പദ്ധതി ചോര്‍ന്നുകിട്ടിയത്. 26/11 ആക്രമണത്തിലെ സൂത്രധാരനും ലശ്കര്‍ തീവ്രവാദിയുമായ മുസമ്മില്‍ ഭട്ടിന്‍െറ നേതൃത്വത്തിലായിരുന്നു പദ്ധതിയെന്ന കാര്യം ഇവരാണ് വെളിപ്പെടുത്തിയത്. ഇശ്റത് ജഹാന്‍െറ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അവരെ മറയാക്കി ഉപയോഗപ്പെടുത്തിയതാകാമെന്ന് പിള്ള മറുപടി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.