ന്യൂഡല്‍ഹി: ജെ.എന്‍.യു കേസ് പരിഗണിക്കുന്ന ഡല്‍ഹി പാട്യാല കോടതിക്കു മുന്നില്‍ ഇന്നും അഭിഭാഷകരുടെ തേര്‍വാഴ്ച. ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യകുമാറിനെ അഭിഭാഷകർ കൂട്ടം ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ സുപ്രീംകോടതി അടിയന്തിര റിപ്പോർട്ട് തേടി. കഴിഞ്ഞ ദിവസത്തേതു പോലെ മാധ്യമ പ്രവർത്തകർക്ക് നേരെ‍ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഫസ്റ്റ്പോസ്റ്റ് റിപോര്‍ട്ടര്‍ താരിഖ് അന്‍വറിന് പരിക്കേറ്റു. പലരുടെയും കാമറകള്‍ തല്ലിപ്പൊട്ടിച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കേണ്ട കനയ്യ കുമാറിന്‍്റെ വിസ്താരം മാറ്റിവെക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. പട്യാല കോടതിയില്‍ നിന്ന് അടിയന്തിരമായി എല്ലാ അഭിഭാഷകരെയും ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. തലസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. അതിനിടെ കനയ്യകുമാറിൻറെ കസ്റ്റഡി കാലാവധി മാർച്ച് രണ്ട് വരെ നീട്ടീ.

കനയ്യകുമാറിനെ കോടതിയിൽ ഹാജരാക്കുന്നതിന് അൽപം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ‘ദേശദ്രോഹികളെ ഇവിടെ അനുവദിക്കില്ല’ എന്ന മുദ്രാവാക്യവുമായി അഭിഭാഷകര്‍ ഇന്ത്യൻ പതാകയുമായി കോടതി വളപ്പിൽ അഴിഞ്ഞാടുകയായിരുന്നു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം തീർത്ത കനത്ത സുരക്ഷാ വലയങ്ങളെ നോക്ക് കുത്തിയാക്കിയാണ് അഭിഭാഷകർ അക്രമമഴിച്ചുവിട്ടത്. ഈ അഭിഭാഷകരെ ചെറുക്കാൻ മറ്റൊരു അഭിഭാഷകക്കൂട്ടം വന്നത് കോടതി വളപ്പിൽ സംഘർഷം സൃഷ്ടിച്ചു. മാധ്യമപ്രവർത്തകർക്കു നേരെ കോടതി പരിസരത്ത് നിന്നും കല്ലേറുണ്ടായി. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് അക്രമികള്‍ ആക്രോശവുമായി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്തത്. അതിനിടെ കോടതിയിൽ ഹജരാക്കിയ കനയ്യകുമാറിനെ അഭിഭാഷകർ ചവിട്ടി വീഴ്ത്തി. കൂട്ടം ചേർന്ന് മർദിക്കാൻ ശ്രമിച്ചെങ്കിലും പൊലിസ് കനയ്യകുമാറിനെ സംഭവ സ്ഥലത്ത് നിന്നും മാറ്റി. തന്നെ മര്‍ദ്ദിച്ച അഭിഭാഷകരിലൊരാളെ കനയ്യ കുമാര്‍ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ പൊലീസ് തടഞ്ഞില്ല. മര്‍ദനത്തില്‍ പരിക്കേറ്റ കനയ്യ കുമാറിനെ പരിശോധിക്കാനായി മെഡിക്കല്‍ സംഘം കോടതിയില്‍ എത്തി.

പട്യാല കോടതിയിൽ നടന്ന സംഭവങ്ങൾ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ അറിയിച്ചു. സംഭവം അറിഞ്ഞ കോടതി പത്ത് മിനിട്ടിനകം റിപ്പോർട്ട് സമർപിക്കാൻ ഡൽഹി പൊലിസിനോട് ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച് പഠിക്കാൻ അഞ്ച് അഭിഭാഷകരെ പട്യാല കോടതിയിലേക്ക് സുപ്രീംകോടതി അടിയന്തരമായി അയക്കുകയായിരുന്നു. കപിൽ സിബൽ, എ.ഡി.എൻ റാവു, ദുഷ്യന്ദ് ദേവ്, ഹിരൺ റാവത്ത് എന്നിവരെയാണ് സുപ്രിംകോടതി പട്യാലയിലേക്ക് അയച്ചത്. എന്നാല്‍, പട്യാല കോടതിയില്‍ എത്തിയ സുപ്രീംകോടതി അഭിഭാഷക സംഘത്തെയും അഭിഭാഷകര്‍ തടഞ്ഞു. കപില്‍ സിബലിനെതിരെ മുദ്രാവാക്യം വിളിച്ചു. അഭിഭാഷക കമ്മീഷനു നേര്‍ക്കും കല്ളേറുണ്ടായി. തിങ്കളാഴ്ചത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പട്യാല ഹൗസ് കോടതിയില്‍ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടും കനയ്യ കുമാറിന് മര്‍ദനമേറ്റതാണ് സുപ്രീം കോടതിയെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. അക്രമി സംഘം അഴിഞ്ഞാടുമ്പോഴും വെറും ആറു പൊലീസുകാര്‍ മാത്രമാണ് കനയ്യയുടെ സുരക്ഷക്ക് ഉണ്ടായിരുന്നത്.
 

Full View

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരാവാന്‍ എത്തിയ അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ തടഞ്ഞ് മർദിച്ചു. കോടതിക്ക് മുന്നില്‍ എത്തിയ ജെ.എന്‍.യു വിദ്യാര്‍ഥികളും അധ്യാപകരും അടക്കമുള്ളവർക്ക് നേരെയും അക്രമികൾ എത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കോടതിക്കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാന്‍ പൊലീസ് തയാറാവുന്നില്ല. കഴിഞ്ഞ ദിവസത്തേതു പോലെ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന ആക്ഷേപമുണ്ട്. തിങ്കളാഴ്ച അരങ്ങേറിയ നാടകീയ രംഗങ്ങള്‍ തന്നെയാണ് ഇന്നും  പാട്യാല കോടതിയില്‍ നടക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ കാമറ തകര്‍ത്ത വിക്രം ചൗഹാന്‍ എന്ന അഭിഭാഷകന്‍ ഇത്തവണ കോടതിയുടെ ഗേറ്റിനു മുകളില്‍ കയറി നിന്നായിരുന്നു പ്രശ്നമുണ്ടാക്കിയത്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. 
 

Full View

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.