മുസ് ലിം വിരുദ്ധ ഫേസ്ബുക് പോസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഗുവാഹത്തി: ഫേസ്ബുക്കില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. അസ്സമിലെ അംഗ്ളേംഗ് ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ അഞ്ജന്‍ ബോറയെയാണ് സസ്പെന്‍റ് ചെയ്തത്. മുസ്ലിം പള്ളികളിലെ ബാങ്കുവിളി നിര്‍ത്തണമെന്നായിരുന്നു വിവാദ പോസ്റ്റ് . ‘ജയ് ശ്രീറാം ജയ് ഹിന്ദുസ്ഥാന്‍’ എന്നും ‘മുസ്ലിംകളില്ലാത്ത ഹിന്ദുസ്ഥാനു വേണ്ടി നാം പണിയെടുക്കണ’മെന്നും പോസ്റ്റില്‍ ഉണ്ട്. ആസാം നിയമസഭാ തെരെഞ്ഞടുപ്പ് അടുത്തു വരികയും ബംഗ്ളാദേശി കുടിയേറ്റം പോലെയുളള രാഷ്ട്രീയ വിഷയം സംസ്ഥാനത്ത് നിലനില്‍ക്കുന്നതിനിടയിലുമാണ് ഈ വിവാദം.

ഫേസ്ബുക്കില്‍ ധാരാളം ഫോളോവേഴ്സ് ഉള്ളയാളാണ് ബോറ. പോസ്റ്റിനെ അനുകൂലിച്ച് അനേകം പേര്‍ കമന്‍റിടുകയും ചെയ്തിരുന്നു. ‘നിങ്ങളാണ് യഥാര്‍ഥ പൊലീസ്. ഇത് തുടരുക. എല്ലാവിധ ആശംസകളൂം’ എന്നായിരുന്നു അതിലൊന്ന്. അതേസമയം, പോസ്റ്റിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം ഉയരുകയും ചെയ്തു. ഇയാളെ പൊലീസില്‍ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.

പോസ്റ്റ് ശ്രദ്ധയില്‍ പെട്ട ബോഡോലാന്‍റ് മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭീഷണിയുയര്‍ത്തുന്ന  തീവ്രവാദികളേക്കാള്‍ അപകടകാരികള്‍ ആണ് ഇതിനെ അനുകൂലിക്കുന്ന ആളുകള്‍ എന്നാണ് ഗുവാഹത്തി ഹൈകോടതി അഭിഭാഷകനായ ബുര്‍ഹാനുര്‍ റഹ്മാന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.  ബോറക്കെതിരെ നടപടിയെടുത്തതില്‍ അസ്സം സര്‍ക്കാറിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. എന്നാല്‍ തന്‍റെ അക്കൗണ്ട് ആരോ ഹാക് ചെയ്തെന്നാണ് അഞ്ജന്‍ ബോറ ആരോപിക്കുന്നത്. അതേസമയം, ജനുവരി 28ന് ഇട്ട വിവാദ പോസ്റ്റിലെ കമന്‍റിന് ഇയാള്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.