ഭീകരാക്രമണത്തില്‍ അബൂ ജുന്ദലിന്‍െറ പങ്ക് ഹെഡ് ലി ഇതുവരെ വെളിപ്പെടുത്തിയില്ല

മുംബൈ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥരുടെയും തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബ നേതാക്കളുടെയും പങ്ക് വെളിപ്പെടുത്തിയ പാക്വംശജനായ അമേരിക്കന്‍ ചാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ഇതേ കേസില്‍ മുംബൈ ജയിലില്‍ കഴിയുന്ന അബൂ ജുന്ദല്‍ എന്ന സാബിഉദ്ദീന്‍ അന്‍സാരിയെക്കുറിച്ച് മൊഴിയൊന്നും നല്‍കിയില്ല. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെ മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി ജി.എ. സനപിനു മുമ്പാകെയാണ് ഹെഡ്ലി മൊഴി നല്‍കിയത്. കസബ് അടക്കം ആക്രമണത്തിനത്തെിയ 10 ഭീകരര്‍ക്ക് ഹിന്ദി ഭാഷ പഠിപ്പിച്ചതും ആക്രമണസമയത്ത് കറാച്ചിയിലെ ലശ്കറെ ത്വയ്യിബ കണ്‍ട്രോള്‍ റൂമിലിരുന്ന് ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയതും അബൂ ജുന്ദലാണെന്നാണ് കണ്ടത്തെല്‍. 2012 ജൂണില്‍ സൗദി അറേബ്യയില്‍ പിടിയിലായി ഇന്ത്യക്കു കൈമാറിയ അബൂ ജുന്ദല്‍ ഭീകരാക്രമണക്കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഹെഡ്ലി വിഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജിക്കു മുമ്പാകെ ഹാജരായപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷാ സെല്ലായ അണ്ഡസെല്ലില്‍ കഴിയുന്ന അബൂ ജുന്ദലും വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരായത്. അബൂ ജുന്ദല്‍ അടക്കം പാകിസ്താനിലിരുന്ന് ലശ്കറെ ത്വയ്യിബയെ സഹായിക്കുകയും ആസൂത്രണത്തില്‍ പങ്കാളികളാകുകയും ചെയ്തവരെക്കുറിച്ച വിവരം ലഭിക്കുമെന്നായിരുന്നു ഹെഡ്ലിയെ കേസില്‍ പ്രതിചേര്‍ക്കുകയും പിന്നീട് മാപ്പുസാക്ഷിയാക്കുകയും ചെയ്തപ്പോള്‍ പ്രോസിക്യൂഷന്‍ അവകാശപ്പെട്ടത്. എന്നാല്‍, അബൂ ജുന്ദലിനെക്കുറിച്ച് ഇതുവരെ ഒന്നുംതന്നെ ഹെഡ്ലി പറഞ്ഞിട്ടില്ല. കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നത്  ശനിയാഴ്ച അവസാനിക്കുകയും ക്രോസ് വിസ്താരത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. രാഹുല്‍ ഭട്ട്, വിലാസ് വിര്‍ക്ക്, രാജാറാം രെഗെ എന്നിവരുമായി ചങ്ങാത്തംകൂടിയതും തഹവ്വുര്‍ ഹുസൈന്‍ റാണെയുടെ സുഹൃത്ത് വിമാനത്താവളത്തില്‍നിന്ന് താജ് ഹോട്ടലില്‍ എത്തിച്ചതും ലശ്കറെ അംഗമായ ഇന്ത്യക്കാരി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കേട്ടതുമാണ് ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഹെഡ്ലിയുടെ മൊഴി.

ഹെഡ്ലിയുടെ ഓര്‍മ ഉണര്‍ത്താന്‍ സൂചനകള്‍ നല്‍കി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന രീതിയാണ് പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം സ്വീകരിച്ചത്. മുംബൈ ആക്രമണം നടക്കുന്നതിന് നാലു വര്‍ഷം മുമ്പ് ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്റത് ജഹാന്‍െറ പേരും ഇത്തരത്തിലാണ് ഹെഡ്ലിയുടെ മൊഴിയുടെ ഭാഗമായത്. എന്നാല്‍, അബൂ ജുന്ദലിനെ പരാമര്‍ശിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലുള്ള ബീഡ് സ്വദേശിയാണ് സാബിഉദ്ദീന്‍ അന്‍സാരി. ഇലക്ട്രീഷ്യനായിരുന്ന അന്‍സാരി പൊലീസ് ചാരനായിരുന്നു.

2006ലെ ഒൗറംഗാബാദ് ആയുധവേട്ടയോടെ കാണാതാവുകയായിരുന്നു. ആയുധകടത്തില്‍ അന്‍സാരി പങ്കാളിയാണെന്നാണ് മഹാരാഷ്ട്ര എ.ടി.എസിന്‍െറ കണ്ടത്തല്‍.  2012ല്‍ സൗദി പിടികൂടിയതോടെയാണ് മുംബൈ ഭീകരാക്രമണക്കേസിലെ അബൂ ജുന്ദല്‍ എന്ന പിടികിട്ടാപ്പുള്ളി അന്‍സാരിയാണെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.