മുംബൈ ഭീകരാക്രമണം: തഹവ്വുര്‍ ഹുസൈന്‍ റാണെക്കും പങ്കുണ്ടെന്ന് ഹെഡ്ലി

 


മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ ഡോ. തഹവ്വുര്‍ ഹുസൈന്‍ റാണെക്കും പങ്കുണ്ടെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി പ്രത്യേക ജഡ്ജി ജി.എ. സനപിനു മുമ്പാകെ വെളിപ്പെടുത്തി. പാക് വംശജനായ കനേഡിയന്‍ പൗരനാണ് റാണെ. പിന്നീട് കനഡയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റാണെ ഇപ്പോള്‍ അവിടത്തെ ജയിലില്‍ തടവില്‍ കഴിയുകയാണ്.മുംബൈ ഭീകരാക്രമണത്തിന് സഹായിച്ചതിനും പ്രവാചകന്‍ മുഹമ്മദിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രം ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ ഭാഗമായതിനും അമേരിക്കന്‍ കോടതി വിധിച്ച 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരുകയാണ്. നേരത്തേ പാക് സൈന്യത്തില്‍ ഡോക്ടറായിരുന്നു റാണെ. ഇന്ത്യയിലേക്ക് വിസ തരപ്പെടുത്താന്‍ സഹായിച്ചത് റാണെയാണെന്ന് കുറ്റസമ്മത മൊഴിയുടെ തുടക്കത്തില്‍ ഹെഡ്ലി വെളിപ്പെടുത്തിയിരുന്നു.

മുംബൈയില്‍ ആദ്യം എത്തിയപ്പോള്‍ വിമാനത്താവളത്തില്‍നിന്ന് താജ് ഹോട്ടലില്‍ എത്തിച്ചത് റാണെയുടെ സുഹൃത്ത് ബഷീര്‍ ശൈഖ് ആണെന്നും മൊഴിനല്‍കിയിരുന്നു. റാണെ വഴി പണം നല്‍കിയതും മുംബൈയിലെ താര്‍ദേവിലുള്ള എ.സി മാര്‍ക്കറ്റില്‍ ഓഫിസ് തുടങ്ങാന്‍ സഹായിച്ചതുമാണ് വ്യാഴാഴ്ച ഹെഡ്ലി വെളിപ്പെടുത്തിയത്. ഭീകരാക്രമണത്തിന് തൊട്ടു മുമ്പ് അഞ്ചു ദിവസം റാണെ മുംബൈയില്‍ തങ്ങിയിരുന്നുവെന്നും തന്‍െറ നിര്‍ബന്ധപ്രകാരമാണ് മടങ്ങിപ്പോയതെന്നും ഹെഡ്ലി പറഞ്ഞു. 2006 സെപ്റ്റംബര്‍ 14 നാണ് എ.സി മാര്‍ക്കറ്റില്‍ ഓഫിസ് തുടങ്ങിയത്. ബോറ എന്നയാളുടെ മുറി വാടകക്ക് ലഭിക്കുകയായിരുന്നു. വാടക കരാറിലെ വിവരങ്ങളെല്ലാം സത്യമാണ്. മുംബൈയിലേക്ക് വരും മുമ്പ് മേജര്‍ ഇക്ബാലില്‍നിന്ന് 25,000 ഡോളറും  സാജിത് മീറില്‍ നിന്ന് 40,000 പാക് രൂപയും ലഭിച്ചു. മൂന്നു തവണ ഇന്ത്യന്‍ രൂപയുടെ കള്ളനോട്ടും മേജര്‍ ഇക്ബാല്‍ തന്നിട്ടുണ്ട്.

ഓഫിസ് തുടങ്ങാന്‍ 2006ല്‍ പലകുറിയായി റാണെ പണം തന്നതിന്‍െറ വിവരങ്ങളും ഹെഡ്ലി നല്‍കി. നരിമാന്‍ പോയന്‍റിലെ ഇന്‍ഡസ്ലാന്‍ഡ് ബാങ്ക്് വഴിയാണ് പണം ലഭിച്ചതെന്നും മൊഴി നല്‍കി. മുംബൈയില്‍ ബിസിനസ് അക്കൗണ്ട് തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്‍െറ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഭീകരാക്രമണശേഷം 2009 ജനുവരിയില്‍ ഓഫിസ് പൂട്ടാനായിരുന്നു തീരുമാനം. എന്നാല്‍, റാണെ അതു സമ്മതിച്ചില്ല-ഹെഡ്ലി മൊഴി നല്‍കി. മേജര്‍ ഇക്ബാല്‍, റാണെ, സാജിദ് മീര്‍ എന്നിവരുമായി ഇന്‍റര്‍നെറ്റ് വഴിയാണ് ആശയവിനിമയം നടത്തിയത്. കോഡ് ഭാഷയായിരുന്നു ഉപയോഗിച്ചത്. റിലയന്‍സ് വെബ് വേള്‍ഡില്‍ ചെന്നായിരുന്നു ഇ-മെയിലിലെ ആശയവിനിമയം. തന്‍െറ പാസ്പോര്‍ട്ട് ഉപയോഗിച്ച് മൂന്നോളം മൊബൈല്‍ സിം കാര്‍ഡുകള്‍ വാങ്ങിയതായും ഹെഡ്ലി പറഞ്ഞു. തിങ്കളാഴ്ചയാണ് ഹെഡ്ലിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തല്‍ തുടങ്ങിയത്. സാങ്കേതിക തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച മുടങ്ങിയിരുന്നു. വെള്ളിയാഴ്ചയും തുടരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.