രാമക്ഷേത്രം: കേന്ദ്ര നിലപാട് സുപ്രീംകോടതി വിധിക്കുശേഷമെന്ന് കേന്ദ്രമന്ത്രി

അലഹബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാട് കേസിലെ സുപ്രീംകോടതി വിധിക്കുശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര. അയോധ്യ കേസ് സംബന്ധിച്ച് അലഹബാദ് ഹൈകോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീംകോടതി വിധിപറയാനിരിക്കയാണ്. വിധിപുറത്തുവന്നശേഷം, സര്‍ക്കാര്‍ നിലപാട് അറിയിക്കും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ബി.ജെ.പി നിലപാടില്‍ മാറ്റമില്ളെന്നും അദ്ദേഹം അലഹബാദില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
രാമക്ഷേത്ര വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും അദ്ദേഹം അയോധ്യ സന്ദര്‍ശിക്കണമെന്നും കഴിഞ്ഞദിവസം വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉചിതമായ സമയത്തുതന്നെ മോദി അയോധ്യ സന്ദര്‍ശിക്കും. രാമക്ഷേത്രനിര്‍മാണം പാര്‍ലമെന്‍റ് വഴി സാധ്യമാകണമെങ്കില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം വേണം. അതിനായുള്ള സമവായത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന ഉത്തര്‍പ്രദേശ് മന്ത്രി അഅ്സം ഖാന്‍െറ പ്രസ്താവനയെ കല്‍രാജ് മിശ്ര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്തരം ആരോപണങ്ങളിലൂടെ അഅ്സം ഖാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ വിശ്വാസ്യതയാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.