പാർലമെന്‍റ് ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതൽ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ രണ്ടാമത് പൊതു, റെയില്‍വേ ബജറ്റുകള്‍ അവതരിപ്പിക്കാനുള്ള പാര്‍ലമെന്‍റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യും. 25ന് റെയില്‍വേ ബജറ്റും 26ന് സാമ്പത്തിക സര്‍വേയും 29ന് പൊതുബജറ്റും അവതരിപ്പിക്കും.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ വെട്ടിച്ചുരുക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രകടിപ്പിച്ച എതിര്‍പ്പ് പരിഗണിച്ച് പൂര്‍ണമായും നടത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പാര്‍ലമെന്‍ററി കാര്യസമിതി തീരുമാനിക്കുകയായിരുന്നു. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ബജറ്റ് നിര്‍ദേശങ്ങള്‍  പാര്‍ലമെന്‍ററി സ്ഥിരം സമിതികള്‍ക്ക് പരിശോധിക്കാനായി മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 24 വരെ സമ്മേളനത്തിന് ഇടവേളയുണ്ടാവും. ഏപ്രില്‍ 25 മുതല്‍ മേയ് 13 വരെയാണ് വീണ്ടും ചേരുക. ലോക്സഭ സ്പീക്കര്‍, രാജ്യസഭ ഉപാധ്യക്ഷന്‍ എന്നിവര്‍ക്ക് കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് തീയതി ക്രമീകരിച്ചതെന്ന് സമിതി യോഗം വിവരിച്ച  പാര്‍ലമെന്‍ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു അറിയിച്ചു.   

ജി.എസ്.ടി, റിയല്‍ എസ്റ്റേറ്റ് ബില്ലുകള്‍ സമ്മേളനത്തില്‍ പാസാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കല്‍, പാക് പൗരന്മാരുടെ ഇന്ത്യയിലെ  സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബില്‍ എന്നിവയും സമ്മേളനക്കാലയളവില്‍ പരിഗണനക്കുവരും. കേരളം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ സമ്മേളനമോ ഇടവേളയോ ചുരുക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. 2011ല്‍ പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടന്നതിനാല്‍ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടാനുള്ള ഇടവേള അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

എന്നാല്‍, സമ്മേളനം ചുരുക്കരുതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. വിഹിതവിവരം പഠിക്കാന്‍ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് അയക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഓരോ വര്‍ഷത്തെയും സമ്മേളന തീയതികള്‍ മുന്‍കൂട്ടി പുറത്തിറക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നിര്‍ദേശിച്ചു. മുന്‍കൂട്ടി സമ്മേളന തീയതി പ്രഖ്യാപിച്ചാല്‍ അതു കണക്കാക്കി തെരഞ്ഞെടുപ്പു കമീഷന് വോട്ടിങ് തീയതി നിശ്ചയിക്കാനാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.