വിഴിഞ്ഞം: വിധി പറയാനുള്ള തടസ്സം നീങ്ങി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ചോദ്യംചെയ്തുള്ള ഹരജികളില്‍ വീണ്ടും വാദം കേള്‍ക്കില്ളെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയതോടെ വിധി പറയാനുള്ള സാങ്കേതിക തടസ്സം നീങ്ങി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും തുറമുഖ കമ്പനിയും മറ്റു കക്ഷികളും രേഖാമൂലം സമ്മതം നല്‍കിയതിനെ തുടര്‍ന്നാണ് ട്രൈബ്യൂണല്‍ ഈ തീരുമാനമെടുത്തത്.

അഞ്ചംഗ ബെഞ്ചിലെ വിദഗ്ധ അംഗമായ എ.ആര്‍. യൂസുഫ് വിരമിച്ചതിനെ തുടര്‍ന്ന് വിധി പറയുന്നതിലുണ്ടായ സാങ്കേതിക തടസ്സമാണ് കക്ഷികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും സമ്മതം നല്‍കിയതോടെ മാറിക്കിട്ടിയത്. ബന്ധപ്പെട്ട എല്ലാ കക്ഷികളും രേഖാമൂലം സമ്മതം അറിയിച്ചാല്‍ കേസില്‍ നാലംഗ ബെഞ്ച് വിധി പറയാമെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഒരു അംഗത്തിന്‍െറ കുറവോടെ വിധി പറയുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും അങ്ങനെയെങ്കില്‍ ആ വാദം കേള്‍ക്കല്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും  ബെഞ്ച് അറിയിച്ചു.

എന്നാല്‍, വിധി പറയുന്നതില്‍ തടസ്സംനില്‍ക്കില്ളെന്ന് പ്രധാന ഹരജിക്കാരനായ വില്‍ഫ്രഡിന് വേണ്ടി ഹാജരായ അഡ്വ. രാജ് പഞ്ച്വാനി കോടതിയെ അറിയിച്ചു. പദ്ധതിയെ എതിര്‍ക്കുന്ന മറ്റു കക്ഷികളും ഇതേ വാദം സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍, ബന്ധപ്പെട്ട അധികാരികളില്‍നിന്ന് നിര്‍ദേശം തേടേണ്ടതുണ്ടെന്ന് അറിയിച്ചപ്പോള്‍ അഭിഭാഷകര്‍ക്കുതന്നെ തീരുമാനമെടുക്കാവുന്ന കാര്യത്തില്‍ എന്തിനാണ് അനുമതി തേടുന്നതെന്നായി ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍. തുടര്‍ന്ന് അഭിപ്രായമറിയിക്കാനായി കേരളത്തിന് ഒരു മണിക്കൂര്‍ അനുവദിക്കുകയും ചെയ്തു.

നിയമ വകുപ്പിന്‍െറ അനുമതിയോടെ പിന്നീട് വിധി പറയുന്നതില്‍ തടസ്സമില്ളെന്ന് കേരളവും കോടതിയെ അറിയിച്ചതോടെ വിധി പറയാനുള്ള തടസ്സങ്ങള്‍ നീങ്ങി. ഈ മാസം 11ന് അന്തിമവാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിയ വിഴിഞ്ഞം കേസില്‍ ബെഞ്ചിലെ അംഗം വിരമിച്ചതിനെ തുടര്‍ന്നാണ് സാങ്കേതിക തടസ്സം ഉടലെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.