കശ്​മീർ സംഘർഷം: ചുവടുമാറ്റി കേന്ദ്രം; കാല്‍വഴുതി മഹ്ബൂബ

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നടത്തിയ രണ്ടാംവട്ട കശ്മീര്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഡല്‍ഹിയില്‍ പറന്നത്തെി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കശ്മീര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വ്യക്തമായ വഴി തെളിഞ്ഞില്ല. കേന്ദ്രവും ഹുര്‍റിയതും പാകിസ്താന്‍തന്നെയും അനുരഞ്ജനത്തിന് തയാറാകണമെന്നും, മാസങ്ങള്‍ മുമ്പു മാത്രം അധികാരത്തില്‍ വന്ന തനിക്ക് കശ്മീര്‍ ജനതയുടെ അഭിലാഷങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാവകാശം നല്‍കണമെന്നുമാണ് മഹ്ബൂബ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ച വികാരത്തിന്‍െറ കാതല്‍. പ്രശ്നപരിഹാരം പക്ഷേ, ഒട്ടും ലളിതമല്ല.

വിഘടിതരുമായി ചര്‍ച്ചകള്‍ക്ക് അനൗപചാരികമായ മധ്യസ്ഥതക്ക് വഴിതുറക്കണമെന്ന മഹ്ബൂബയുടെ നിര്‍ദേശം പ്രധാനമന്ത്രി അംഗീകരിച്ചിട്ടുണ്ട്. ആരുമായും ചര്‍ച്ചകള്‍ക്കു പുറമെ, സര്‍വകക്ഷി സംഘത്തെ അയക്കുന്നതിനും ചീളുണ്ടക്കു പകരം അക്രമം നടത്തുന്നവര്‍ക്കു നേരെ മുളകുണ്ട മാത്രം പ്രയോഗിക്കുന്നതിനുമുള്ള ധാരണ നേരത്തേതന്നെ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍, ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്കം വിഘടിതര്‍ സര്‍ക്കാറുമായോ മധ്യസ്ഥരുമായോ ചര്‍ച്ചക്ക് തയാറാണോ എന്നതാണ് കാതലായ ചോദ്യം. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ മാത്രമല്ല, മുഖ്യമന്ത്രി മഹ്ബൂബയെയും ബി.ജെ.പി സഖ്യകക്ഷിയായ പി.ഡി.പിയെയും വിഘടിതര്‍ അവിശ്വസിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങി മണിക്കൂറുകള്‍ക്കകം മഹ്ബൂബ ഡല്‍ഹിയിലേക്ക് പറക്കാനുണ്ടായ യഥാര്‍ഥ കാരണം അവ്യക്തമായി മാറുന്നത്. കശ്മീര്‍ സംഘര്‍ഷം 50 ദിവസം പിന്നിട്ടപ്പോള്‍ രാഷ്ട്രീയമായി ബി.ജെ.പിയും പി.ഡി.പിയും കൂടുതല്‍ അകന്നിരിക്കുന്നു. മഹ്ബൂബയുടെ കസേരക്കും ഭരണസഖ്യത്തിനും എത്രത്തോളം കാലാവധി ബാക്കിയുണ്ട് എന്ന ചോദ്യം ബാക്കിയാവുകയും ചെയ്തു.
ഗവര്‍ണര്‍ എന്‍.എന്‍. വോറയെ മാറ്റി കൂടുതല്‍ ഭരണമികവുള്ള ഒരാളെ പ്രതിഷ്ഠിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നുവെന്ന സൂചനയുടെ പിന്നാലെയാണ് മഹ്ബൂബ ഡല്‍ഹിയില്‍ എത്തിയത്. ബി.ജെ.പിക്ക് യോജിച്ച ഒരു കരുത്തന്‍െറ വരവ്, സഖ്യം അവസാനിപ്പിച്ച് ജമ്മു-കശ്മീരിനെ ഗവര്‍ണര്‍ ഭരണത്തിന്‍കീഴിലാക്കാനുള്ള പുറപ്പാടാണോ എന്ന് സംശയിക്കപ്പെട്ടിരുന്നു.

സംഘര്‍ഷത്തിനിടയില്‍ ബന്ധം തിരക്കിട്ടു മുറിക്കാന്‍ ബി.ജെ.പി മടിക്കുമെങ്കിലും, മഹ്ബൂബക്ക് സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് ബി.ജെ.പി. മഹ്ബൂബയും ഈ തിരിച്ചറിവില്‍തന്നെ. പക്ഷേ, സ്ഥിതി മെച്ചപ്പെടുത്താന്‍ അനുനയത്തിലേക്ക് ചുവടു മാറ്റിയേ പറ്റൂ. അതുകൊണ്ട് കാര്‍ക്കശ്യവും അജണ്ടകളും തല്‍ക്കാലം മാറ്റിവെച്ച്, അനുരഞ്ജനത്തിന്‍െറ വഴി തേടുകയാണ് വേണ്ടതെന്ന ധാരണയിലാണ് ഇരുകൂട്ടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.