സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍: കൂടുതല്‍ രഹസ്യരേഖകള്‍ പുറത്ത്

ന്യുഡല്‍ഹി: ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനി സംബന്ധിച്ച കൂടുതല്‍ രഹസ്യ രേഖകള്‍ ‘ദി ആസ്ട്രേലിയന്‍’ ദിനപത്രം പുറത്തുവിട്ടു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖകളെക്കുറിച്ച് ഇന്ത്യയും ഫ്രഞ്ച് അധികൃതരും ആശയവിനിയമം തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ ദിനപത്രം അതിന്‍െറ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. കഴിഞ്ഞ ദിവസത്തെപോലെ തന്നെ, ‘റെസ്ട്രിക്റ്റഡ്’വിഭാഗത്തിലുള്ള വിവരങ്ങളാണ് ഇന്നലെയും പ്രസിദ്ധീകരിച്ചത്.

അന്തര്‍വാഹിനിയുടെ സൗണ്ട് നാവിഗേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നതില്‍ പ്രധാനം. എന്നാല്‍, അതിന്‍െറ ഫ്രീക്വന്‍സിയും മറ്റും വിശദീകരിക്കുന്ന സാങ്കേതിക സവിശേഷതകള്‍ സൈറ്റില്‍ കറുപ്പിച്ചാണ് നല്‍കിയിരിക്കുന്നത്. ആയുധ പ്രയോഗത്തിന്‍െറ പ്രഹര പരിധിയും മറ്റും നിശ്ചയിക്കുന്ന ‘ഓപറേഷന്‍ ഇന്‍സ്ട്രക്ഷന്‍ മാനുവലും’ പുതുതായി ചോര്‍ന്ന രേഖകളിലുണ്ട്.

തുടര്‍ച്ചയായി രണ്ടാം ദിവസവും വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, പുതുതായി പുറത്തുവന്ന വിവരങ്ങള്‍ നേരത്തെ തന്നെ മറ്റു പ്രതിരോധ വെബ്സൈറ്റുകളിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.