കശ്മീര്‍ വിഷയത്തില്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് മെഹ്ബൂബ 

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായി  നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. വാര്‍ത്താലേഖകരുടെ ചോദ്യത്തില്‍ ക്ഷുഭിതയായ അവര്‍ ആഭ്യന്തര മന്ത്രി ഇരിക്കെ തന്നെ വാര്‍ത്താ സമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് എഴുന്നേറ്റ് പോവുകയും ചെയ്തു. പല തവണ രാജ്നാഥ് സിങ് മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നിയന്ത്രണം പാലിക്കാനായില്ല. 

പ്രക്ഷോഭകര്‍ക്ക് നേരെ സുരക്ഷ സേന അമിതമായ ബലപ്രയോഗം നടത്തുന്നതിനെ കുറിച്ച മാധ്യമ പ്രവര്‍ത്തകന്‍െറ ചോദ്യമാണ് മെഹ്ബൂബയെ ആദ്യം ചൊടിപ്പിച്ചത്. സുരക്ഷാ സേനയുടെ പോസ്റ്റുകളും ക്യാമ്പുകളും ആക്രമിച്ചപ്പോഴാണ് സൈനികര്‍ തിരിച്ചടിച്ചതെന്ന് മെഹ്ബൂബ പറഞ്ഞു. സൈനിക ക്യാമ്പില്‍ കുട്ടികള്‍ മിഠായി വാങ്ങാന്‍ പോയതല്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച 15 വയസ്സുകാരന്‍ അവിടെ പാലു വാങ്ങാന്‍ പോയതല്ലല്ലോ എന്നും അവര്‍ തിരിച്ചടിച്ചു. 

സുരക്ഷാ സൈനിക നടപടിയില്‍ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്യുന്നതിനെ കുറിച്ച് താങ്കള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച അതേ ആരോപണമല്ലേ ഇപ്പോള്‍ താങ്കളും ചെയ്യുന്നത് എന്ന ചോദ്യവും മെഹ്ബൂബയെ വല്ലാതെ കുപിതയാക്കി. അന്നത്തെ സാഹചര്യവും ഇന്നത്തേതും വ്യത്യസ്തമാണെന്നായിരുന്നു അവരുടെ പ്രതികരണം. രണ്ടും കൂട്ടിക്കുഴക്കരുത്. 2010ല്‍ സാധാരണക്കാര്‍ മരിച്ചത് വ്യാജ എറ്റുമുട്ടലിലായിരുന്നു. ഇന്ന് സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികളാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഹ്ബൂബാജി.. നിങ്ങളില്‍ പെട്ട ഒരാള്‍ തന്നെയല്ലേ എന്ന് രാജ്നാഥ് സിങ് ചോദിക്കുന്നുണ്ടായിരുന്നു. 

കല്ലെടുത്ത് എറിഞ്ഞ് പ്രതിഷേധിക്കുന്നത് ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നുും മുഖ്യമന്ത്രി വ്യക്തമാക്കി. കശ്മീരിലെ 95 ശതമാനം ജനങ്ങളും പ്രതിഷേധ സമരങ്ങളെ അനുകൂലിക്കുന്നില്ല എന്ന പരാമര്‍ശത്തെ കുറിച്ച ചോദ്യവും അവരെ ദേഷ്യം പിടിപ്പിപ്പു. താനങ്ങിനെയല്ല ഉദ്ദേശിച്ചതെന്നും 95 ശതമാനം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു അവരുടെ വിശദീകരണം. തുടര്‍ന്ന് താങ്ക്യു എന്ന് പറഞ്ഞ് അവര്‍ എഴുനേറ്റ് പോവുകയായിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എഴുനേല്‍ക്കുന്നതിന് മുമ്പേ മെഹ്ബൂബ എഴുനേറ്റിരുന്നു.

48ാം ദിനവും കര്‍ഫ്യൂവിലമര്‍ന്ന് കശ്മീര്‍

ശ്രീനഗര്‍: ഹിസ്ബ് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായ കശ്മീരില്‍ 48ാം ദിനവും ജനജീവിതം സാധാരണ നില കൈവരിച്ചില്ല. ശ്രീനഗറിലെ പല ഭാഗങ്ങളിലും അനന്ത്നാഗ് ടൗണിലും കര്‍ഫ്യൂ തുടരുന്നതിനിടെ വ്യാഴാഴ്ച പുല്‍വാമയിലേക്കും നിയന്ത്രണം വ്യാപിപ്പിച്ചു.
 കഴിഞ്ഞ ദിവസം സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുല്‍വാമയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. എന്നാല്‍, സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ശ്രീനഗറില്‍ ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ പിന്‍വലിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളുമടക്കം വാഹനങ്ങള്‍ നിരത്തിലിറങ്ങി. അതേസമയം, ക്രമസമാധാനം നിലനിര്‍ത്താന്‍ 144ാം വകുപ്പ് പ്രകാരമുള്ള നിരോധാജ്ഞ താഴ്വരയില്‍ തുടരും. മൊബൈല്‍ ഇന്‍റര്‍നെറ്റ് ഇതുവരെ പുന$സ്ഥാപിച്ചിട്ടില്ല. ഇതിനിടെ വിഘടനവാദികള്‍ സമരാഹ്വാനം സെപ്റ്റംബര്‍ ഒന്നുവരെ നീട്ടുകയും ചെയ്തു. ജൂലൈ ഒമ്പതിന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 66 പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.