ഇന്ത്യന്‍ അന്തര്‍വാഹിനികളുടെ നിര്‍മാണ രഹസ്യം ചോര്‍ന്നു

ന്യൂഡല്‍ഹി: രാജ്യസുരക്ഷക്ക് ഭീഷണി ഉയര്‍ത്തി നാവികസേനയുടെ സ്കോര്‍പീന്‍ ഇനത്തില്‍പെട്ട അന്തര്‍വാഹിനി കപ്പലുകളുടെ അതീവ രഹസ്യ സ്വഭാവമുള്ള സാങ്കേതിക വിവരങ്ങള്‍ ചോര്‍ന്നു. ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ 22,400ല്‍പരം പേജുകളാണ് ചോര്‍ന്നത്. രേഖയുടെ വിശദാംശങ്ങള്‍ ‘ദി ആസ്ട്രേലിയന്‍’ പത്രം സ്വന്തം  വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ചോര്‍ച്ചയുടെ ഗൗരവം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫ്രാന്‍സിന്‍െറ ദേശീയ സുരക്ഷാ അതോറിറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫ്രഞ്ച് നിര്‍മാണ സ്ഥാപനമായ ഡി.സി.എന്‍.എസ് രൂപകല്‍പന ചെയ്ത സ്കോര്‍പീന്‍ ഇനത്തില്‍പെട്ട മുങ്ങിക്കപ്പലില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ, സഞ്ചാരവേഗം, സഞ്ചാരവേളയിലെ ശബ്ദതരംഗ അനുപാതം, ശത്രു സൈന്യത്തെ നേരിടാനുള്ള പ്രതിരോധ സന്നാഹങ്ങള്‍, അതില്‍ ഘടിപ്പിക്കാവുന്ന ആയുധങ്ങള്‍, അവയുടെ ശേഷി, ആശയവിനിമയ സംവിധാനങ്ങളുടെ തരംഗദൈര്‍ഘ്യം തുടങ്ങിയവ ചോര്‍ന്നുപോയ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു.

ചോര്‍ന്ന വിവരങ്ങള്‍ പാകിസ്താന്‍െറയോ ചൈനയുടെയോ പക്കലത്തെിയാല്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന് കനത്ത തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യുദ്ധതന്ത്രത്തില്‍ പരമരഹസ്യമായി കണക്കാക്കുന്ന മുങ്ങിക്കപ്പലുകളുടെ വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് കിട്ടിയാല്‍ നിര്‍മാണ പദ്ധതിതന്നെ ഉപേക്ഷിക്കേണ്ടിവന്നേക്കാം. ആറ് സ്കോര്‍പീന്‍ ക്ളാസ് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാന്‍ 23,562 കോടി രൂപയാണ് ഇന്ത്യ ചെലവിടുന്നത്. ഈ അന്തര്‍വാഹിനികളുടെ നിര്‍മാണം മുംബൈയിലെ മസ്ഗാവിലെ നാവികസേനാ ഡോക്കിലാണ് നടക്കുന്നത്. ആറില്‍ ആദ്യത്തേതായ ‘കല്‍വരി’ 2015 ഒക്ടോബറില്‍ പരീക്ഷണാര്‍ഥം കടലിലിറക്കിയിരുന്നു. ഇത് അടുത്തമാസം കമീഷന്‍ ചെയ്യാനിരിക്കെയാണ് സാങ്കേതികവിദ്യാ രഹസ്യങ്ങള്‍ ചോര്‍ന്ന വാര്‍ത്ത പുറത്തുവന്നത്. ബാക്കി അഞ്ചെണ്ണം 2020ഓടെ സേനയുടെ ഭാഗമാക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.


അതേസമയം, വിവരം എങ്ങനെ ചോര്‍ന്നുവെന്നതു സംബന്ധിച്ച് വ്യക്തതയില്ല. വിവരം പുറത്തായത് ഫ്രാന്‍സില്‍ നിന്നല്ല, ഇന്ത്യയില്‍ നിന്നാണെന്ന് സംശയിക്കുന്നുവെന്ന് ഡി.എസ്.എന്‍.എസ് കമ്പനി വിശദീകരിച്ചു. എന്നാല്‍, പുറത്തുനിന്നാണ് ചോര്‍ച്ച നടന്നിരിക്കുന്നതെന്നാണ് നാവികസേനയുടെ വിശദീകരണം. ചോര്‍ച്ചക്ക് പിന്നില്‍ ഹാക്കിങ് ആയിരിക്കാമെന്ന കാഴ്ചപ്പാട്  പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പ്രകടിപ്പിച്ചു. എന്തൊക്കെ വിവരങ്ങള്‍, ആരുടെയൊക്കെ കൈവശമത്തെിയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം സാഹചര്യം വിലയിരുത്തി. ചോര്‍ച്ച സംബന്ധിച്ച് ഫ്രഞ്ച് കമ്പനിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്‍െറ ലോക്സഭാ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ, മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി എന്നിവര്‍ പറഞ്ഞു. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.