കശ്മീര്‍ സംഘർഷം: ചര്‍ച്ചയാകാം; വിഘടിതരുമായി ഇല്ല

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട സംസ്ഥാനത്തെ പ്രതിപക്ഷ സംഘത്തോട് ഉത്കണ്ഠ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ചട്ടക്കൂടില്‍നിന്ന് ദീര്‍ഘകാല പരിഹാരത്തിന് ചര്‍ച്ച നടക്കണമെന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു. എന്നാല്‍, വിഘടിതരുമായി ചര്‍ച്ചക്കില്ളെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജീവന്‍ നഷ്ടപ്പെട്ട സാധാരണക്കാരനും സുരക്ഷാ സൈനികരുമെല്ലാം ഇന്ത്യക്കാരാണ്. താഴ്വരയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ വേദനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ നടപടികള്‍ക്ക് കാക്കുകയാണെന്ന് പ്രതിനിധി സംഘത്തെ നയിച്ച മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല കൂടിക്കാഴ്ചക്കുശേഷം പറഞ്ഞു.  

പെല്ലറ്റ് പ്രയോഗം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷസംഘം ആവശ്യപ്പെട്ടു. അന്യായമായ റെയ്ഡും അറസ്റ്റും കശ്മീരികളുടെ മനസ്സിലെ അകല്‍ച്ച വര്‍ധിപ്പിക്കുകയാണ്; അത് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം. എല്ലാവരുമായും ചര്‍ച്ചക്ക് പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ഗുലാം അഹ്മദ് മിര്‍, സി.പി.എം നേതാവ് മുഹമ്മദ് തരിഗാമി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ ഉത്കണ്ഠ വാചകമടിയാണെന്നും മോദി സര്‍ക്കാറിന്‍െറ കശ്മീര്‍ നയത്തിലെ വൈരുധ്യങ്ങളാണ് സ്ഥിതി വഷളാക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.  ചര്‍ച്ച വേണമെന്ന് പറയുന്ന പ്രധാനമന്ത്രി ആരുമായൊക്കെ ചര്‍ച്ചയാകാമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു. സര്‍വകക്ഷി സംഘത്തെ താഴ്വരയിലേക്ക് അയക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.