കശ്മീരില്‍ സുപ്രീംകോടതി നിര്‍ദേശം; വേണ്ടത് രാഷ്ട്രീയ പരിഹാരം

ന്യൂഡല്‍ഹി: കശ്മീരില്‍ തുടരുന്ന പ്രശ്നങ്ങള്‍ക്ക് കോടതി ഇടപെടലിനേക്കാള്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതി. ഹരജിക്കാരനും അഭിഭാഷകനുമായ ജമ്മു-കശ്മീര്‍ നാഷനല്‍ പാര്‍ട്ടി നേതാവ് ഭീം സിങ്ങിന് വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ സൗകര്യമൊരുക്കണമെന്ന് സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കിയാണ് പരമോന്നത നീതിപീഠം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. കശ്മീര്‍ വിഷയം വിവിധ മാനങ്ങളുള്ളതാണ്. അതിനാല്‍ രാഷ്ട്രീയ പരിഹാരമാണ് അഭികാമ്യം. എല്ലാ കാര്യങ്ങളും നിയമത്തിന്‍െറ കണ്ണിലൂടെ നോക്കിക്കണ്ട് പരിഹരിക്കാനാകില്ളെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായുള്ള ബെഞ്ച് നിര്‍ദേശിച്ചു. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനിരുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസംഘത്തില്‍ ഹരജിക്കാരനെയും ഉള്‍പ്പെടുത്തണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന പ്രതിപക്ഷകക്ഷികളുടെ സംഘത്തിലേക്ക് തന്നെ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഭീം സിങ് കോടതിയെ സമീപിച്ചത്. ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള കേന്ദ്ര സര്‍ക്കാര്‍ തന്നെ സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ളെന്ന് പറഞ്ഞ പരാതിക്കാരനോട് കോടതിക്ക് മുമ്പാകെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുതെന്നും ആവശ്യപ്പെട്ടു.

അതിനിടെ, പ്രതിപക്ഷനേതാക്കള്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാനായി പ്രധാനമന്ത്രിയെ സമീപിച്ചതില്‍ അസ്വാഭാവികതയില്ളെന്നും ഇതെല്ലാം ജനാധിപത്യത്തിന്‍െറ ഭാഗമാണെന്നും കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറഞ്ഞു. പ്രതിപക്ഷത്തിന്‍െറ ഇത്തരം നീക്കത്തിലൂടെ താഴ്വരയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനായാല്‍ നല്ലകാര്യമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, കശ്മീരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഞായറാഴ്ച കണ്ണീര്‍വാതകപ്രയോഗത്തിനിടെ കൗമാരക്കാരനായ ഇര്‍ഫാന്‍ വാനി കൊല്ലപ്പെട്ടതോടെ ലാല്‍ ചൗക്കിലും സമീപ പ്രദേശങ്ങളിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ചിലയിടങ്ങളില്‍ കര്‍ഫ്യൂവില്‍ അയവുവരുത്തിയെങ്കിലും ഇവിടങ്ങളില്‍ നിരോധാജ്ഞ തുടരുകയാണ്. തെരുവുകളില്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിനും വിലക്കുണ്ട്. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനികനടപടിക്കിടെ കൊല്ലപ്പെട്ടതോടെയാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ 70 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈന്യത്തിന്‍െറ പെല്ലറ്റ് ഗണ്‍ ഉപയോഗത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് കാഴ്ചശക്തിയും നഷ്ടമായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.