ദലിത് പ്രക്ഷോഭം: കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിക്ക് മുന്നില്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ദലിത് പ്രക്ഷോഭം ശക്തി പ്രാപിക്കവെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രതിനിധി സംഘം പരാതിയുമായി രാഷ്ട്രപതിക്ക് മുന്നില്‍. ഗുജറാത്തില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ദലിതുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്രവും ഒരു നടപടിയും സ്വീകരിക്കുന്നില്ളെന്നും പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ അറിയിച്ചു.

ദലിതുകള്‍, ആദിവാസികള്‍, പാട്ടിദാര്‍ വിഭാഗങ്ങള്‍ പ്രക്ഷോഭ വഴിയിലാണ്. ഗോരക്ഷയുടെയും മറ്റും പേരില്‍ ദലിതുകള്‍ നേരിടുന്ന വിവേചനം നിയന്ത്രിക്കാന്‍ സമയബന്ധിതമായി നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ ഉപദേശിക്കണമെന്നും  നേതാക്കള്‍ ആവശ്യപ്പെട്ടു.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹ്മദ് പട്ടേല്‍, ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, നിയമസഭാ കക്ഷി നേതാവ് ശങ്കര്‍ സിങ് വഗേല, എ.ഐ.സി.സി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.

ഉന സംഭവത്തിന് ശേഷം ഗുജറാത്തില്‍ ദലിതുകള്‍ സംഘടിച്ച് പ്രക്ഷോഭ രംഗത്താണ്. ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം സംസ്ഥാനത്തെ ദലിതുകള്‍ നേരിടുന്ന പീഡനം അറിയുന്നില്ളെന്നും അതേക്കുറിച്ച് സംസാരിക്കാന്‍ തയാറാകുന്നില്ളെന്നും കോണ്‍ഗ്രസ് പ്രതിനിധി സംഘം കുറ്റപ്പെടുത്തി. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംഘ്പരിവാര്‍ അണികള്‍ ദലിതരെ തല്ലിച്ചതച്ച ഉന സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ചയായിട്ടും ഇരകളെ കാണാന്‍ പോലും പ്രധാനമന്ത്രി തയാറാകുന്നില്ല.  13 വര്‍ഷത്തെ ഭരണത്തിനിടെ ദലിതുകള്‍ക്കെതിരായ അതിക്രമം ഗുജറാത്തില്‍ കൂടി. 14613 കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഗുജറാത്ത് മോഡലിന്‍െറ പൊള്ളത്തരമാണ് ദലിത്, ആദിവാസി സമരങ്ങള്‍ തുറന്നുകാട്ടുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.