ന്യൂഡല്‍ഹി: ‘കഴുകനല്ല, പ്രാവുമല്ല. വിവേകത്തിന്‍െറ പ്രതീകമായ മൂങ്ങയാണ് ഞങ്ങള്‍’ -ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധരെക്കുറിച്ച് ഒരിക്കല്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞ വാക്കുകളാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി സ്ഥാനമേല്‍ക്കുമ്പോള്‍ ഈ 52കാരന്‍െറ വ്യക്തിത്വത്തെയും സാമ്പത്തിക കാഴ്ചപ്പാടിനെയും കുറിച്ച് ഏകദേശരൂപം ലഭിക്കാന്‍ ഈ വാക്കുകള്‍ മതി. പൊതുവെ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന, അതിലേറെ സമയം അണിയറയിലെ ആസൂത്രണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കുന്ന പ്രകൃതമാണ് ഊര്‍ജിത് പട്ടേലിന്‍േറത്. ഈവര്‍ഷം ജനുവരിയില്‍ പുണെയില്‍നടന്ന ഗ്യാന്‍ സംഘം യോഗത്തില്‍ പ്രധാനമന്ത്രിയും ബാങ്ക് പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചക്കുശേഷം ഫൈനാന്‍ഷ്യല്‍ സര്‍വിസ് സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് പിടികൊടുക്കാതെ ഊര്‍ജിത് പട്ടേല്‍ സ്ഥലംവിട്ടിരുന്നു. എന്നാല്‍, ഇദ്ദേഹമായിരുന്നു യോഗത്തിന്‍െറ പ്രധാന അജണ്ടയുടെ ചുക്കാന്‍ പിടിച്ചിരുന്നതെന്ന് പിന്നീടാണ് വ്യക്തമാവുന്നത്. ഇങ്ങനെ എപ്പോഴും വെള്ളിവെളിച്ചത്തില്‍നിന്ന് മാറിനിന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനായിരുന്നു ഊര്‍ജിത് പട്ടേലിന്‍െറ ശ്രമം.
മൂന്നു വര്‍ഷം ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന അനുഭവപരിചയം ഊര്‍ജിത് പട്ടേലിന് ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്. ‘സാമ്പത്തിക മേഖലക്ക് അനിവാര്യമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ഊന്നല്‍. പ്രാഥമിക ശ്രദ്ധ നിക്ഷേപകരിലോ വിപണിയിലോ അല്ല, ഉപഭോക്താക്കളിലാണ്. ഉപഭോക്താവിന്‍െറ ക്ഷേമം മെച്ചപ്പെടുന്നതരത്തില്‍ പണപ്പെരുപ്പം എങ്ങനെ താഴേക്ക് കൊണ്ടുവരാന്‍ പറ്റുമെന്നാണ് നോക്കേണ്ടത്’ -2014 ജനുവരിയിലെ ധനനയ അവലോകനത്തില്‍ ഊര്‍ജിത് പട്ടേല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും ദുര്‍ബലമായ ബാങ്ക് ബാലന്‍സ് ഷീറ്റുമായിരുന്നു മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ വെല്ലുവിളിയായി ഏറ്റെടുത്ത രണ്ടു പ്രധാന വിഷയങ്ങള്‍. ഈ ഘട്ടത്തില്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നതിനാല്‍ ഊര്‍ജിത് പട്ടേലിന് ആ വഴിക്കുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കുക പ്രയാസകരമാവില്ളെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ഭീമമായ നിഷ്ക്രിയ ആസ്തിയാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.