മാനനഷ്ടക്കേസ്: കെജ്രിവാള്‍ ഹാജരാകേണ്ട

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി രമേശ് ബിധുരി നല്‍കിയ മാനനഷ്ടക്കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി. നേരിട്ട് സാന്നിധ്യം അറിയിക്കുന്നതില്‍നിന്ന് ബിധുരിയെയും ഒഴിവാക്കിയ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍വിന്ദര്‍ സിങ് ഇരുവിഭാഗവും സന്നിഹിതരല്ലാത്തതിനാല്‍ വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ മൂന്നിലേക്ക് നീട്ടി. കെജ്രിവാള്‍ പൊതുയോഗങ്ങള്‍ക്ക് ഗോവയിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇളവ് നല്‍കിയത്. ജൂലൈ എട്ടിന് 10,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ കെജ്രിവാളിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ദക്ഷിണ ഡല്‍ഹിയിലെ എം.പിയായ ബിധുരി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ.പി.സി സെക്ഷന്‍ 500 പ്രകാരം കെജ്രിവാളിനെതിരെ കേസ് കൊടുത്തത്. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു ആരോപണം. ബിധുരിക്കും ഒരു കോണ്‍ഗ്രസ് നേതാവിനുമെതിരെ ക്രിമിനല്‍ കേസുണ്ടെങ്കിലും ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ളെന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.