ബലൂച് പ്രക്ഷോഭത്തെ പിന്തുണച്ച് മോദി; ഇന്ത്യയുടെ വിഷയമല്ലെന്ന്​ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍  ബലൂചിസ്താനിലെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ  പരസ്യമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത സര്‍ക്കാറും മാധ്യമങ്ങളും ബലൂചിസ്താനിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കാന്‍ മാത്രമല്ല,  ബലൂച് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണക്കാനും ശ്രമിക്കുമെന്നായിരുന്നു നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്രദിനാഘോഷ പ്രസംഗത്തില്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

മോദിയുടെ പിന്തുണക്ക് ബലൂച് റിപ്പബ്ളിക് പാര്‍ട്ടി അധ്യക്ഷന്‍ ബ്രാഹംദാ ബുഗ്ട്ടി നന്ദിയറിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ബലൂച് പ്രശ്നങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത് ആവേശവും പ്രോത്സാഹനവും  നല്‍കുന്നതാണെന്ന് ബുഗ്ട്ടി പറഞ്ഞു.  ബലൂചിസ്താന്‍ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയാറായ മോദിക്ക് നന്ദി പറയുന്നതായും ബുഗ്ട്ടി  പ്രതികരിച്ചു.

അതേസമയം, സ്വാതന്ത്രദിന പ്രസംഗത്തില്‍ ബലൂചിസ്താനെക്കുറിച്ച് പരാമര്‍ശം നടത്തിയ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തത്തെി.  പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവകാശവും അധികാരവുമാണ്. അതിനെ കോണ്‍ഗ്രസ്  പിന്തുണക്കുന്നു. ബലൂചിസ്താന്‍ തീര്‍ത്തും വ്യത്യസ്തമായ വിഷയമാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്ക് താല്‍പര്യങ്ങളൊന്നുമില്ല.  പ്രസംഗത്തിലൂടെ അക്കാര്യം വലിച്ചിഴച്ചതിലൂടെ ഇന്ത്യയുടെ സാധ്യതകളെ നശിപ്പിക്കുകയാണ് മോദി ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് ആരോപിച്ചു.

  ബലൂചിസ്താന്‍ പാകിസ്താന്‍റെ ആഭ്യന്തര വിഷയമാണ്. അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് നമ്മുടെ രീതിയല്ല. ബലൂചിസ്താന്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്  പാക് അധിനിവേശ കശ്മീരിന്‍മേലുള്ള നമ്മുടെ അവകാശവാദത്തെ അസ്ഥിരപ്പെടുത്താനെ  ഉപകരിക്കൂ. ഇതോടെ, നമ്മുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാകിസ്താനും അവസരമൊരുക്കുകയാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് കുറ്റപ്പെടുത്തി

സ്വാതന്ത്ര്യദിനത്തില്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന രീതിയിലുള്ളതായിരുന്നില്ല. മറിച്ച് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയക്കാരന്‍ നടത്തുന്ന പ്രസംഗം പോലെയായിരുന്നുവെന്നും ഖുര്‍ഷിദ് വിമര്‍ശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.