ന്യൂനപക്ഷ മന്ത്രാലയത്തിലെ പോര് പുറത്തേക്കും

ന്യൂഡല്‍ഹി: സഭയില്‍ ആര് പ്രതികരിക്കണമെന്നതിനെചൊല്ലി മോദി സര്‍ക്കാറിലെ കാബിനറ്റ് മന്ത്രിയും സഹമന്ത്രിയും തമ്മില്‍ പാര്‍ലമെന്‍റിനകത്ത് വഴക്ക്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ലയും സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുമാണ് ഝാര്‍ഖണ്ഡില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം സഭയിലുന്നയിക്കപ്പെട്ടപ്പോള്‍ മറുപടി പറയുന്നതിന്‍െറ പേരില്‍ പരസ്യമായി വഴക്കടിച്ചത്. മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരടക്കം ഇടപെട്ടാണ് വഴക്ക് അവസാനിപ്പിച്ചത്.
ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം തുടരുന്ന കാര്യം ജനതാദള്‍- യുവിലെ ഗുലാം റസൂല്‍ ബലിയാനി ഉന്നയിച്ചപ്പോള്‍, സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു.
മന്ത്രി നജ്മ ഹിബത്തുല്ല സഭയിലുണ്ടായിരുന്നുവെങ്കിലും സഹമന്ത്രിയായ നഖ്വി പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി കൂടിയാണെന്ന അധികാരത്തില്‍ മറുപടി പറയാനെഴുന്നേല്‍ക്കുകയായിരുന്നു. എന്നാല്‍, ഝാര്‍ഖണ്ഡിലെ ആക്രമണങ്ങള്‍ സത്യമാണോ കളവാണോ എന്നറിയില്ലയെന്ന നഖ്വിയുടെ മറുപടി പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചതോടെ ഇനി താന്‍ പറയാമെന്നു പറഞ്ഞ് നജ്മ ഹിബത്തുല്ല എഴുന്നേറ്റു.
എന്നാല്‍, വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന നഖ്വി മുന്‍നിരയിലുള്ള നജ്മയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനമാനിക്കാതെ രണ്ടാംനിരയില്‍നിന്ന് തന്‍െറ സംസാരം തുടര്‍ന്നു. നഖ്വി ഇരുന്നതോടെ കാബിനറ്റ് മന്ത്രിയെന്ന നിലയില്‍ തന്നെയും പറയാന്‍ അനുവദിക്കണമെന്ന് നജ്മ ഉപാധ്യക്ഷനോട് അഭ്യര്‍ഥിച്ചു. അനുമതി ലഭിച്ച നജ്മ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയും കുര്യന്‍ സഭ നിര്‍ത്തിവെക്കുകയും ചെയ്തു.
സഭനിര്‍ത്തിയതോടെ നജ്മയുടെ അടുത്തേക്കുവന്ന നഖ്വി താന്‍ സംസാരിക്കുന്നതിനിടയില്‍ ഇടപെട്ടതില്‍ പ്രതിഷേധം അറിയിച്ചു. ന്യൂനപക്ഷ മന്ത്രിയെന്ന നിലയില്‍ താനാണ് മറുപടി പറയേണ്ടതെന്നും താങ്കളല്ളെന്നും നജ്മ തിരിച്ചടിച്ചു.
പാര്‍ലമെന്‍ററി കാര്യ സഹമന്ത്രിയെന്ന നിലയിലാണ് താന്‍ മറുപടി നല്‍കിയതെന്നും പ്രതിപക്ഷം ഇത്തരം വിഷയങ്ങളുന്നയിക്കുമ്പോള്‍ മറുപടി നല്‍കേണ്ടത് ആ നിലക്ക് താനാണെന്നും നഖ്വി ആവര്‍ത്തിച്ചു. 12 വര്‍ഷം രാജ്യസഭാ ഉപാധ്യക്ഷയായിരുന്ന തന്നെ പാര്‍ലമെന്‍ററി കാര്യം പഠിപ്പിക്കേണ്ടെന്നായിരുന്നു നജ്മയുടെ രോഷത്തോടെയുള്ള മറുപടി.
സഭയില്‍ മറ്റംഗങ്ങളുടെ മുന്നില്‍വെച്ച് ഇരുവരും നടത്തുന്ന വഴക്ക് അവസാനിപ്പിക്കാന്‍ കാബിനറ്റ് മന്ത്രി തന്‍വര്‍ ചന്ദ്ര ഗെലോട്ട് അടക്കമുള്ളവര്‍ പാടുപെട്ടു.
നഖ്വിയെ ഒരുവിധം പറഞ്ഞ് തിരിച്ചയച്ചെങ്കിലും നജ്മയെ തണുപ്പിക്കാനായില്ല. നഖ്വിയുടെ നിലപാട് ഒരു നിലക്കും അംഗീകരിക്കില്ളെന്ന് പറഞ്ഞ നജ്മ ഒടുവില്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ന്യൂനപക്ഷ മന്ത്രാലയത്തില്‍ ഇരുവര്‍ക്കുമിടയിലുള്ള പോരിന് മോദി സര്‍ക്കാറിനോളം പഴക്കമുണ്ടെങ്കിലും പരസ്യമായി വഴക്കുണ്ടാകുന്നത് ഇതാദ്യമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.