ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമീഷന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ കത്ത്. പ്രധാനമന്ത്രിക്ക് യോഗ്യതയോ ഡിഗ്രിയോ ഇല്ല എന്ന ആരോപണം പോലും ഉയരുന്നുണ്ട്. തന്‍െറ യോഗ്യതാ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് മോദി ഇടപെട്ട് തടഞ്ഞതായ ചില റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച ആശയക്കുഴപ്പം നീക്കണമെന്ന് കമീഷണര്‍ പ്രഫ. മധുഭൂഷണം ശ്രീധര്‍ ആചാര്യലുവിനയച്ച കത്തില്‍ കെജ്രിവാള്‍ പറയുന്നു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് 1978ല്‍ രാഷ്ട്രമീമാംസയില്‍ വിദൂരവിദ്യാഭ്യാസ കോഴ്സ് ചെയ്തിരുന്നതായി മോദി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബിരുദ യോഗ്യത സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷ സര്‍വകലാശാല ഈയിടെ തള്ളുകയായിരുന്നു. ബിരുദാനന്തര ബിരുദം നേടിയതായി മോദി അവകാശപ്പെടുന്ന ഗുജറാത്ത് സര്‍വകലാശാലയില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷയും നിഷേധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.