സന്ദീപ് പാണ്ഡേക്ക് ഐ.ഐ.ടിയില്‍ തുടരാമെന്ന് ഹൈകോടതി

അലഹബാദ്: മഗ്സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെയെ ബനാറസ് ഹിന്ദു സര്‍വകലാശാല ഐ.ഐ.ടിയിലെ വിസിറ്റിങ് പ്രഫസര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ ഉത്തരവ് അലഹബാദ് ഹൈകോടതി റദ്ദാക്കി. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പാണ്ഡെയെ പുറത്താക്കിയനീക്കം അപകീര്‍ത്തികരവും ഏകപക്ഷീയമാണെന്നും കോടതി നിരീക്ഷിച്ചു. പുറത്താക്കിയത് ചോദ്യംചെയ്ത് പാണ്ഡെ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ വിസിറ്റിങ് പ്രഫസറായിരുന്ന പാണ്ഡെയെ ജനുവരി ആറിനാണ് തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. ജൂലൈ 30നാണ് ഇദ്ദേഹത്തിന്‍െറ കാലാവധി അവസാനിക്കുന്നത്.

ദേശീയവികാരത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നും സൈബര്‍ കുറ്റകൃത്യം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഐ.ഐ.ടിയിലെ ഉന്നതസമിതി പാണ്ഡെയുടെ കരാര്‍ റദ്ദാക്കിയത്. അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും നക്സലൈറ്റുകളോട് അനുഭാവം പ്രകടിപ്പിക്കുന്നതായും ആരോപിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.