ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൈയേറിയ 123 വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉന്നത പ്രതിനിധി സംഘം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ നിരവധി ജനകീയ പ്രശ്നങ്ങളും ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും സംഘം ചര്‍ച്ചചെയ്തു.
123 വഖഫ് സ്വത്തുക്കള്‍ തിരിച്ചേല്‍പിക്കാന്‍ യു.പി.എ സര്‍ക്കാര്‍ അതിന്‍െറ അവസാന നാളില്‍ ഉത്തരവ് പുറപ്പെടുവിച്ച കാര്യം സംഘം ഓര്‍മിപ്പിച്ചു. ഡല്‍ഹിയിലെ മുസ്ലിം ജനവാസ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കാര്യവും ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ സ്കൂളുകളില്‍ നികത്താതെ കിടക്കുന്ന ഉര്‍ദു അധ്യാപകരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടു. ഒൗറംഗസീബ് റോഡിന്‍െറ പേര് മാറ്റിയ നടപടി തെറ്റായെന്ന് ജമാഅത്ത് നേതാക്കള്‍ കെജ്രിവാളിനോട് പറഞ്ഞു.
ബിഹാറിലെപ്പോലെ ഡല്‍ഹിയില്‍ മദ്യനിരോധം ഏര്‍പ്പെടുത്തണമെന്ന ജമാഅത്തിന്‍െറ ആവശ്യത്തോട് മദ്യത്തിനെതിരായ ഏതുതരം പ്രചാരണത്തിനും പിന്തുണയുണ്ടാകുമെന്നായിരുന്നു കെജ്രിവാളിന്‍െറ മറുപടി. മുസ്ലിം ജനവാസ മേഖലകളില്‍ ഭൂമി ലഭ്യമായാല്‍ സ്കൂളുകളും ആശുപത്രികളും തുടങ്ങാന്‍ ഡല്‍ഹി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കെജ്രിവാള്‍ അറിയിച്ചു. ആപ് എം.എല്‍.എയും ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനതുല്ലാ ഖാന്‍െറ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അമീറിന് പുറമെ, സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം, ഉപാധ്യക്ഷന്മാരായ നുസ്റത്ത് അലി, സആദത്തുല്ല ഹുസൈനി, സെക്രട്ടറി മുഹമ്മദ് അഹ്മദ്, ഖാസിം റസൂല്‍ ഇല്യാസ്, അക്തര്‍ കരീം കിദ്വായി തുടങ്ങിയവരാണ് ജമാഅത്ത് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.