മുത്തലാഖ് നിരോധം: മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിയമപരമായി നേരിടും

ന്യൂഡല്‍ഹി: മൂന്നു മൊഴിയും ഒരുമിച്ച് ചൊല്ലി വിവാഹ മോചനം നടത്തുന്ന മുത്തലാഖ്  സമ്പ്രദായം നിരോധിക്കുന്നതടക്കമുള്ള ശരീഅത്തിനെതിരായ നീക്കങ്ങളെ നിയമപരമായി നേരിടാന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
 മുത്തലാഖിന്‍െറ കാര്യത്തില്‍ വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലുള്ള കര്‍മശാസ്ത്ര ഭിന്നതകള്‍ അംഗീകരിച്ചുകൊണ്ടാണ് വിശ്വാസ സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ അധ്യക്ഷന്‍ മൗലാനാ റാബിഅ് ഹസന്‍ നദ്വിയുടെ അധ്യക്ഷതയില്‍ ലഖ്നോവില്‍ ചേര്‍ന്ന  വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹക സമിതി ഈ തീരുമാനമെടുത്തത്.
ഇസ്ലാമിക ശരീഅത്ത് മുസ്ലിം സ്ത്രീകള്‍ക്ക് വകവെച്ചുനല്‍കുന്ന അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ വനിതാ സമിതിയെയും ബോര്‍ഡ് നിയോഗിച്ചു.
വിവാഹമോചനത്തെ തന്നെ നിരുത്സാഹപ്പെടുത്തുകയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്‍െറ അജണ്ടയെന്നും മുത്തലാഖ് നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്ന അഭിപ്രായമാണ് ബോര്‍ഡിന് മൊത്തത്തിലുള്ളതെന്നും  യോഗത്തില്‍ പങ്കെടുത്ത ബോര്‍ഡ് അംഗം എസ്.ക്യൂ.ആര്‍. ഇല്യാസ് പറഞ്ഞു. ഒരുമിച്ച് മൂന്നല്ല, 25 പ്രാവശ്യം ചൊല്ലിയാലും ഒരു പ്രാവശ്യം മൊഴി ചൊല്ലുന്നതായിട്ടാണ് പരിഗണിക്കുകയെന്ന് വിശ്വസിക്കുന്ന അഹ്ലെ ഹദീസ് പ്രതിനിധികള്‍ ബോര്‍ഡിലുണ്ട്.
ഭാര്യയെ ഒരു കാരണവശാലും തിരിച്ചെടുക്കില്ളെന്ന് ബോധ്യത്തോടെ മൂന്നു മൊഴിയും ഒരുമിച്ച് ചൊല്ലിയാല്‍ അത് സാധുവാകുമെന്ന് വിശ്വസിക്കുന്ന ഹനഫീ ചിന്താഗതിക്കാരും ബോര്‍ഡിലുണ്ട്. ബറേല്‍വികളിലും ദയൂബന്തികളിലുംപെട്ട ഭൂരിഭാഗവും ഹനഫി ചിന്താഗതിക്കാരാണ്. കര്‍മശാസ്ത്രപരമായ ഈ ഭിന്നതകളെ ഉള്‍ക്കൊള്ളുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് ഇക്കാര്യത്തില്‍ ഏകോപിച്ച അഭിപ്രായമില്ല. അത് പ്രകടിപ്പിക്കേണ്ട കാര്യവുമില്ല. അതേസമയം, മുത്തലാഖിനെതിരായ പ്രചാരണവും നിയമയുദ്ധവും മുസ്ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളിലുള്ള കടന്നുകയറ്റമായിട്ടാണ് ബോര്‍ഡ് വിലയിരുത്തുന്നത്. മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം ഇടപെടല്‍ ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിന്‍െറ ലംഘനമെന്ന നിലയില്‍ നേരിടാനാണ് ബോര്‍ഡ് തീരുമാനിച്ചതെന്നും ഇല്യാസ് കൂട്ടിച്ചേര്‍ത്തു.
മുസ്ലിം വ്യക്തിനിയമത്തിനെതിരെയുള്ള രണ്ടു കേസുകള്‍ സുപ്രീംകോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ബോര്‍ഡ് ഈ തീരുമാനമെടുത്തത്. മുസ്ലിംകളുടെ മതസ്വാതന്ത്ര്യം അനുവദിച്ചുതരുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ തുടരണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ സുപ്രീംകോടതി ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ നടത്തിയാല്‍ അതു എന്നത്തേക്കുമുള്ള നിയമമായി മാറുമെന്നും വിശ്വാസികള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ളെന്നും ബോര്‍ഡ് വിലയിരുത്തി.
1986ലെ മുസ്ലിം സ്ത്രീ(വിവാഹമോചന അവകാശ സംരക്ഷണം) നിയമത്തില്‍ മുസ്ലിം സ്ത്രീകള്‍ സംരക്ഷിതരാണെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ഇസ്ലാമിക ശരീഅത്ത് സ്ത്രീകള്‍ക്ക് അനുവദിച്ച അവകാശങ്ങള്‍ സംബന്ധിച്ച ബോധവത്കരണത്തിനും പ്രചാരണത്തിനും ആറംഗങ്ങളുള്ള വനിതാ സമിതിയെ ബോര്‍ഡ് ചുമതലപ്പെടുത്തി. അഖിലേന്ത്യാ മുസ്ലിം വ്യക്തി ബോര്‍ഡിലെ നിര്‍വാഹകസമിതിയംഗങ്ങളാണ് ഇവര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.