ബിജു രമേശിന്‍െറ ഹോട്ടല്‍ പൊളിക്കുന്നതിന് താല്‍ക്കാലിക സ്റ്റേ


ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ രാജധാനി ഹോട്ടലിന്‍െറ ഒരു ഭാഗം പൊളിച്ചുകളയാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി സംസ്ഥാന റവന്യൂ വകുപ്പ്, തിരുവനന്തപുരം ജില്ലാ കലക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ എന്നിവരുടെ അഭിപ്രായം തേടി.
ചൊവ്വാഴ്ചക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട സുപ്രീംകോടതി, അതുവരെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിട്ട് ഹോട്ടല്‍ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തു.
ഹോട്ടല്‍ ഭാഗം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ് ബിജു രമേശ് അഡ്വ. പി.വി. ദിനേശ് വഴി സുപ്രീംകോടതിയെ സമീപിച്ചത്. ഹോട്ടല്‍ പൊളിച്ചുമാറ്റാതെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ ഓട നിര്‍മിക്കാമെന്നും അതിന്‍െറ ചെലവ് താന്‍ വഹിക്കാമെന്നും ഹരജിയില്‍ ബിജു രമേശ് ബോധിപ്പിച്ചു.
എന്നാല്‍, ചെന്നൈയുടെ അനുഭവം ഓര്‍മപ്പെടുത്തിയ സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഹോട്ടല്‍ നിലനിര്‍ത്തി ഓട വലുതാക്കാമോ, ഹോട്ടല്‍ പൊളിക്കാതെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ബദല്‍ മാര്‍ഗമുണ്ടോ, കെട്ടിടം പൊളിക്കുക മാത്രമാണോ വഴി എന്നീ കാര്യങ്ങളില്‍ സംസ്ഥാന റവന്യൂ വകുപ്പ്, തിരുവനന്തപുരം ജില്ലാ കലക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ എന്നിവര്‍ ചൊവ്വാഴ്ചക്കകം മറുപടി നല്‍കണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.