കനയ്യയും ഉമര്‍ഖാലിദും അടക്കം അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടി എടുത്തേക്കും

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തേക്കും. സര്‍വകലാശാല ഭരണ വിഭാഗം ഉന്നതതല സമിതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് സെമസ്റ്റര്‍ കാലയളവില്‍ ഇവരെ സസ്പെന്‍റ് ചെയ്യുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്യും. കനയ്യയെ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ഇവരോട് ഹോസ്റ്റല്‍ ഒഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ രാജ്യദ്യോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ സംഭവം അന്വേഷിക്കാന്‍  കമീഷനെ നിയോഗിക്കുകയും 21 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മൂന്ന് വിദ്യാര്‍ഥികളെ കൂടാതെ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് അശുതോഷ് കുമാര്‍, മുന്‍ വൈസ് പ്രസിഡന്‍റ് ആനന്ദ്, ജനറല്‍ സെക്രട്ടറി രാമനാഗ, കനയ്യക്കെതിര രാജ്യദ്രോഹം ആരോപിച്ച വിദ്യാര്‍ഥി യൂനിയന്‍ ജോയിന്‍റ് സെക്രട്ടറിയും എ.ബി.വി.പി നേതാവുമായ സൗരഭ് ശര്‍മ്മ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. അതേസമയം സര്‍വകലാശാല അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുന്നതായും പക്ഷപാതപരമായി വിദ്യാര്‍ഥികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുകയാണെന്നും വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.