ജെയ്റ്റ് ലി നൽകിയ മാനനഷ്ടക്കേസിൽ കെജ് രിവാളിന് ജാമ്യം

ന്യൂഡൽഹി: കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ് ലി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ജാമ്യം. കെജ് രിവാളിന് പുറമെ ആം ആദ്മി പാർട്ടിയുടെ മറ്റ് അഞ്ച് നേതാക്കൾക്കും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി (ഡി.ഡി.സി.എ) ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചതിനാലാണ് കെജ് രിവാളിനെതിരെ ജെയ്റ്റ് ലി കേസ് കൊടുത്തത്.

20000 രൂപയുടെ പേഴ്സണൽ ബോണ്ടിൻമേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുമാർ വിശ്വാസ്, അഷുതോഷ്, സഞ്ജയ് സിങ്, രാഘവ് ചദ്ധ, ദീപക് ബാജ്പേയി എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് നേതാക്കൾ. കേസ് വീണ്ടും മെയ് 19ന് പരിഗണിക്കും.

അതേസമയം, ഹരജി പരിഗണിച്ച കോടതിക്ക് പുറത്ത് എ.എ.പി, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഭാരത് മാതാ കീ ജയ് വിളിച്ചാണ് ബി.ജെ.പി പ്രവർത്തകർ വന്നത്. ഇതിനെതിരെ ജെയ്റ്റ് ലിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് എ.എ.പി പ്രവർത്തകർ മറുപടി നൽകിയത്. പട്യാല ഹൗസ് കോടതിയിൽ ഇടതു പ്രതിഷേധക്കാരെ ആക്രമിച്ച എം.എൽ.എ ഒ.പി ശർമയാണ് ബി.ജെ.പി പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ഡി.ഡി.സി.എയുടെ പണം താൻ വകമാറ്റി ചെലവഴിച്ചു എന്നത് തെറ്റായ ആരോപണമാണെന്ന് ജെയ്റ്റ് ലി പറഞ്ഞു. ജെയ്റ്റ് ലി നൽകിയ ഹരജി രാഷ്ട്രീയ ഗൂഢാലോചനയുടെ ഉദാഹരണമാണെന്ന് കെജ് രിവാളും ആരോപിച്ചു.

അരുൺ ജെയ്റ്റ് ലി ഡി.ഡി.സി.എ തലപ്പത്ത് ഇരിക്കുമ്പോൾ വൻ അഴിമതി നടന്നു എന്നായിരുന്നു കെജ് രിവാൾ ആരോപിച്ചത്. ഇതിനെതിരെയാണ് ജെയ്റ്റ് ലി കോടതിയെ സമീപിച്ചത്. പത്ത് കോടിയുടെ നഷ്ടപരിഹാരമാണ് ജെയ്റ്റ് ലി ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.