പത്താന്‍കോട്ട്: എന്‍.ഐ.എ പാകിസ്താനിലേക്ക്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് തീവ്രവാദ ആക്രമണ കേസ് അന്വേഷണത്തിന് ഇന്ത്യയിലത്തെിയ പാകിസ്താന്‍ സംയുക്ത അന്വേഷണ സംഘം വിവരശേഖരണം പൂര്‍ത്തിയാക്കി. ആറു ദിവസം നീണ്ട സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുമായി ചര്‍ച്ച നടത്തുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡി.എന്‍.എ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കുകയുമാണ് പാക് സംഘം ചെയ്തത്. അവര്‍ ശനിയാഴ്ച മടങ്ങും. അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍ അറിയിച്ചു. പാക് സംഘം ഈ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ തീയതികള്‍ ഇതിനായി തീരുമാനിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
മാര്‍ച്ച് 27നാണ് പാക് സംഘം ഇന്ത്യയിലത്തെിയത്. പാകിസ്താന്‍െറ തീവ്രവാദ വിരുദ്ധ വകുപ്പ് അഡീഷനല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായ് ആണ് സംഘത്തെ നയിച്ചത്. ഇതുവരെയുള്ള അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പാക് സംഘത്തെ എന്‍.ഐ.എ ധരിപ്പിച്ചു. ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേനത്താവളവും സംഘം സന്ദര്‍ശിച്ചു. പഞ്ചാബ് പൊലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്, അദ്ദേഹത്തിന്‍െറ സുഹൃത്തായ ആഭരണ വ്യാപാരി രാജേഷ് വര്‍മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെ 16 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
ആക്രമണത്തില്‍ സുരക്ഷസേന വധിച്ച തീവ്രവാദികളായ നാസിര്‍ ഹുസൈന്‍ (പഞ്ചാബ് പ്രവിശ്യ), അബു ബകര്‍ (ഗുജ്റന്‍വാല), ഉമര്‍ ഫറൂഖ്, അബ്ദുല്‍ ഖയും (രണ്ടുപേരും സിന്ധ്) എന്നിവരുടെ ശരീരസ്രവങ്ങള്‍ പാക് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തീവ്രവാദികളുടെ ബന്ധുക്കളുമായി ഒത്തുനോക്കുന്നതിന് ഡി.എന്‍.എ റിപ്പോര്‍ട്ട് എന്‍.ഐ.എ കൈമാറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.