ന്യൂഡല്‍ഹി: ഗള്‍ഫ് പ്രവാസികളുടെ ചിരകാലസ്വപ്നമായ എയര്‍ കേരളയുടെ ചിറകരിഞ്ഞ 5/20 നിബന്ധനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ കരട് വ്യോമയാന നയത്തില്‍ വ്യക്തതയില്ല. നിബന്ധന എടുത്തുകളയുമെന്ന് വ്യോമയാന മന്ത്രിയും മറ്റും പലതവണ പ്രസ്താവിച്ചതാണെങ്കിലും കരട് നയത്തില്‍ കൃത്യമായ നിലപാട് ഇല്ല.
പുതിയ വിമാന കമ്പനിക്ക് വിദേശ സര്‍വീസ് ആരംഭിക്കാന്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഇരുപത് വിമാനവും വേണമെന്നതാണ് 5/20 നിബന്ധന. മൂന്ന് നിര്‍ദേശങ്ങളാണ് ഈ നിബന്ധനയുമായി ബന്ധപ്പെട്ട് കരട് നയത്തിലുള്ളത്. 5/20 നിബന്ധന നിലനിര്‍ത്തുക, പൂര്‍ണമായും ഉടന്‍ എടുത്തുകളയുക, നിബന്ധനക്ക് പകരം ഡൊമസ്റ്റിക് ഫ്ളയിങ് ക്രഡിറ്റ് (ഡി.എഫ്.സി) സംവിധാനം കൊണ്ടുവരിക എന്നിവയാണവ.
ഗള്‍ഫ് യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കാനാണ് എയര്‍ കേരള ആശയം പിറന്നത്. പ്രവാസികളില്‍നിന്നും മറ്റും ഓഹരി പിരിച്ച് ഏതാനും വിമാനങ്ങളുമായി ഗള്‍ഫ് സെക്ടറില്‍ സര്‍വീസ് നടത്താമെന്ന കണക്കുകൂട്ടലില്‍ കേന്ദ്രത്തെ സമീപിച്ചപ്പോള്‍ 5/20 നിബന്ധനയില്‍ തട്ടി ചിറകൊടിഞ്ഞു. വ്യോമയാന നയം സമഗ്രമായി പരിഷ്കരിക്കുമ്പോള്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്.
അന്തിമ നയം വരുമ്പോള്‍ 5/20 നിബന്ധനയില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും മേഖലയിലെ എല്ലാവരുടെ അഭിപ്രായം അറിയുന്നതിനാണ് കരട് നയത്തില്‍ മൂന്നു നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് നയന്‍ ചൗബെ പറഞ്ഞു. 5/20 നിബന്ധന എടുത്തുകളയുന്നതിനെതിരെ വന്‍കിട കമ്പനികള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
എയര്‍ ഇന്ത്യയുടെ മുഖ്യവരുമാന മാര്‍ഗമാണ് ഗള്‍ഫ് സെക്ടര്‍. അവിടേക്ക് എയര്‍ കേരളയുടെ വരവ് അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇക്കാര്യത്തില്‍ കരട് നയം കൃത്യമായ നിലപാട് പ്രഖ്യാപിക്കാത്തതിന്‍െറ കാരണം ഇതാണ്. ഈ സാഹചര്യത്തില്‍ വ്യോമയാന നയം അന്തിമമായി വിജ്ഞാപനം ചെയ്യുമ്പോള്‍ എയര്‍ ഇന്ത്യയുടെയും വന്‍കിട സ്വകാര്യ വിമാന കമ്പനികളുടെയും താല്‍പര്യമനുസരിച്ച് ‘ഡൊമസ്റ്റിക് ഫ്ളയിങ് ക്രഡിറ്റ്’ സംവിധാനമെന്ന നിര്‍ദേശം അംഗീകരിക്കപ്പെടാനാണ് സാധ്യത. അതാകട്ടെ, എയര്‍ കേരളയെ സംബന്ധിച്ച് മറികടക്കാന്‍ പ്രയാസമുള്ള കടമ്പയാണ്. ആഭ്യന്തര സര്‍വീസിന്‍െറ തോത് അനുസരിച്ചാണ് വിമാനക്കമ്പനിയുടെ ഡി.എഫ്.സി നിശ്ചയിക്കുക. ഒരു യാത്രക്കാരനുമായി ഒരു കി.മീ പറക്കുമ്പോള്‍ വിമാനക്കമ്പനിക്ക് പേരില്‍ ഒരു ഫ്ളയിങ് ക്രഡിറ്റ് ലഭിക്കും. എയര്‍ബസ് 320 പോലുള്ള അഞ്ചു വിമാനങ്ങളുമായി സര്‍വീസ് ആരംഭിക്കുന്ന ഒരു കമ്പനിക്ക് ഒരു വര്‍ഷം കൊണ്ട് 200 ഫ്ളയിങ് ക്രഡിറ്റ് പോയന്‍റ് നേടാന്‍ കഴിയും. എയര്‍ കേരളക്ക് ഗള്‍ഫ് റൂട്ടില്‍ പറക്കണമെങ്കില്‍ 300 ഫ്ളയിങ് ക്രഡിറ്റ് പോയന്‍റ് നേടണം.
അതായത് ഗള്‍ഫിലേക്ക് പറക്കുന്നതിനുമുമ്പ് എയര്‍ കേരള വലിയ വിമാനങ്ങളുമായി ഒരു വര്‍ഷത്തിലേറെ ആഭ്യന്തര സര്‍വീസ് നടത്തണം. ചെറിയ മുതല്‍മുടക്കില്‍ ആരംഭിക്കാനിരിക്കുന്ന എയര്‍ കേരളക്ക് താങ്ങാന്‍ കഴിയുന്നതിന് അപ്പുറമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.