ഐതിഹ്യത്തെ ശാസ്ത്രമാക്കുന്നതില്‍  ശാസ്ത്രസമൂഹത്തിന് അതൃപ്തി

ന്യൂഡല്‍ഹി: ഐതിഹ്യങ്ങളില്‍ പറയുന്ന അദ്ഭുതവിദ്യകള്‍ ഇന്ത്യയുടെ പുരാതന ശാസ്ത്രനേട്ടങ്ങളായി ഭരണതലത്തിലുള്ളവര്‍ അവതരിപ്പിക്കുന്നതില്‍ ശാസ്ത്രസമൂഹം അതൃപ്തി പ്രകടിപ്പിച്ചു. യുക്തിരഹിതവും വിഭാഗീയവുമായ ചിന്താധാരകള്‍ക്ക് അധികൃതര്‍തന്നെ പ്രോത്സാഹനം നല്‍കുന്നതില്‍ പ്രമുഖ ശാസ്ത്രജ്ഞന്‍ അശോക് സെന്‍ അടക്കമുള്ളവരാണ് ഉത്കണ്ഠ പ്രകടിപ്പിച്ചത്. വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരായ പ്രതിഷേധങ്ങള്‍ക്കൊപ്പമാണ് ശാസ്ത്രസമൂഹം ഈ വിഷയം ചൂണ്ടിക്കാട്ടുന്നത്. 
ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കേണ്ടത് രാജ്യത്തെ നയിക്കുന്നവരുടെ മൗലികചുമതലയാണെന്ന് 100 ശാസ്ത്രകാരന്മാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ എന്തു ധരിക്കണം, കഴിക്കണം എന്നവിധത്തില്‍ ഇടുങ്ങിയ ചിന്താരീതികള്‍ വെച്ചുപുലര്‍ത്തുന്നതിലും ശാസ്ത്രകാരന്മാര്‍ അതൃപ്തി പ്രകടിപ്പിച്ചു. 
നിര്‍ഭാഗ്യവശാല്‍ യുക്തിരഹിതമായ ചിന്തകളാണ് സര്‍ക്കാറിലുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്ന പ്രസ്താവന, ആരെയും പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. എന്നാല്‍, പരോക്ഷമായി ചില വിഷയങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. സൂര്യനില്‍നിന്ന് കുന്തിക്ക് കര്‍ണന്‍ പിറന്നത് പുരാതന ശാസ്ത്ര മുന്നേറ്റമെന്നപോലെ കഴിഞ്ഞവര്‍ഷം പൊതുവേദിയില്‍ അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 
ആനയുടെ തലയും മനുഷ്യന്‍െറ ശരീരവും ഗണപതിക്ക് ഉണ്ടായത് പ്ളാസ്റ്റിക് സര്‍ജറിയില്‍ ഇന്ത്യ മുമ്പേ ചുവടുവെച്ചതിന്‍െറ തെളിവായും അദ്ദേഹം അവതരിപ്പിച്ചു. രാവണന്‍െറ പുഷ്പക വിമാനം വ്യോമയാന സാങ്കേതികവിദ്യയില്‍ ഇന്ത്യ പണ്ടേ കൈവരിച്ച നേട്ടമായാണ് മറ്റൊരു സന്ദര്‍ഭത്തില്‍ അവതരിപ്പിച്ചത്. 2015ലെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിക്കപ്പെട്ടു. 
മന്ത്രി ഉമാഭാരതിയുടെ നേതൃത്വത്തിലുള്ള ജലവിഭവമന്ത്രാലയം നടപ്പാക്കുന്ന ഗംഗ ശുദ്ധീകരണപദ്ധതി കഴിഞ്ഞ ഒക്ടോബറില്‍ അസാധാരണമായൊരു പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. 
പുണ്യതീര്‍ഥമായി കരുതുന്ന ഗംഗാജലത്തിന്‍െറ സവിശേഷഘടകങ്ങള്‍ കണ്ടത്തൊനുള്ള ഗവേഷണ പദ്ധതിക്കായി അഞ്ചു സര്‍ക്കാര്‍ ലബോറട്ടറികള്‍ക്ക് ധനസഹായം അനുവദിക്കുകയാണ് മന്ത്രാലയം ചെയ്തത്. 
ഐതിഹ്യവും നാടോടിക്കഥയുമൊക്കെ പൗരാണികശാസ്ത്രമായി നിരന്തരം ചിത്രീകരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ളെന്നും യുക്തിസഹമായ തത്ത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ശാസ്ത്രത്തിന്‍െറ പോക്കെന്നും ശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.