ഹിറ്റ്ലറെ മാതൃകയാക്കി അടിയന്തരാവസ്ഥ കൊണ്ടുവന്നത് കോണ്‍ഗ്രസ് –ജെയ്റ്റ്ലി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടേത് ഹിറ്റ്ലര്‍ മോഡല്‍ ഭരണമാണെന്ന വിമര്‍ശത്തിന്‍െറ കുന്തമുന തിരിക്കാന്‍ അടിയന്തരാവസ്ഥക്ക് നേരെ വിരല്‍ചൂണ്ടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടനയെ അവമതിച്ച കോണ്‍ഗ്രസാണ് സ്വേച്ഛാധിപത്യ ഭരണം അടിച്ചേല്‍പിച്ചതെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഭരണഘടന അംഗീകരിച്ചതിന്‍െറ വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. വീണ്ടുമൊരിക്കല്‍ക്കൂടി ജനാധിപത്യം ഇല്ലാതാക്കപ്പെടുന്നില്ളെന്ന് ഉറപ്പു വരുത്തണമെന്നും ഭരണഘടന ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ജീവനും സ്വാതന്ത്ര്യത്തിന്മേലുമുള്ള അവകാശം വരെ മരവിപ്പിക്കപ്പെട്ടു. സ്വേച്ഛാധിപത്യം ഏറ്റവും മോശമായ രൂപത്തില്‍ ഇന്ത്യ കണ്ടു. അതിന് സമാനതകളില്ല. അടിയന്തരാവസ്ഥക്കു ശേഷം, ഭരണഘടനയുടെ 21-ാം അനുച്ഛേദം  മരവിപ്പിക്കാന്‍ കഴിയാത്ത വിധം ഭേദഗതി കൊണ്ടുവന്നു. അതുകൊണ്ട് നാം ഇന്ന് കൂടുതല്‍ സുരക്ഷിതരാണ്.
അസഹിഷ്ണുതയുടെ പേരില്‍ സര്‍ക്കാറിനെ ആക്രമിക്കുന്ന പ്രതിപക്ഷത്തെ മന്ത്രി വിമര്‍ശിച്ചു. ഏക സിവില്‍ കോഡ് കൊണ്ടുവരണമെന്നും ഗോവധ നിരോധം നടപ്പാക്കണമെന്നുമുള്ള 1949ലെ പ്രസംഗം ഇന്ന് ഡോ. അംബേദ്കര്‍ നടത്തിയാല്‍, അതിനോട് സഭ എങ്ങനെ പ്രതികരിക്കും? മുംബൈ സ്ഫോടനക്കേസിലെ പ്രതിയെ തൂക്കിലേറ്റിയപ്പോള്‍ രക്തസാക്ഷി പരിവേഷം നല്‍കപ്പെട്ടു. ഇതിനോട് അംബേദ്കര്‍ എങ്ങനെ പ്രതികരിച്ചേനെയെന്നും ജെയ്റ്റ്ലി ചോദിച്ചു.
ലോകത്ത് ഏതൊരു ഭരണഘടനാ സംവിധാനവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. അതിനെതിരെ ഏകോപിത പോരാട്ടം വേണം. ഓരോ രാജ്യവും അതിനെതിരെ ഒറ്റശബ്ദത്തില്‍ സംസാരിക്കണം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍െറ പേരില്‍ പിന്നാക്കം പോകാന്‍ പാടില്ളെന്ന് ജെയ്റ്റ്ലി പറഞ്ഞു.
എന്നാല്‍, ഭീകരതക്കെതിരായ നീക്കങ്ങളില്‍ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യാനി എന്നിങ്ങനെ വേര്‍തിരിവ് കാണിക്കാന്‍ പാടില്ളെന്ന് കോണ്‍ഗ്രസിന്‍െറ സഭാ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. സംഝോത, മാലേഗാവ് സ്ഫോടനക്കേസുകളില്‍ സര്‍ക്കാര്‍ വേഗം നടപടി സ്വീകരിക്കണം. ചില കേസുകളില്‍ നടപടി ഇഴയുകയോ, മറ്റു ചിലതില്‍ അതിവേഗത കാട്ടുകയോ ചെയ്യരുത്.
ജര്‍മന്‍ ഭരണഘടനയെക്കുറിച്ചും മറ്റും പറയുന്ന ജെയ്റ്റ്ലി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവിന്‍െറ സംഭാവനകള്‍ അംഗീകരിക്കാന്‍ മടിക്കുന്നു. ഇതിനെ അസഹിഷ്ണുത എന്നാണ് പറയേണ്ടത്. നേതാജി, സര്‍ദാര്‍ പട്ടേല്‍, നെഹ്റു തുടങ്ങിയവരുടെ വ്യക്തിത്വങ്ങള്‍ മുന്‍നിര്‍ത്തി വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവരൊക്കെയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണ്. ഭരണഘടനയോട് യോജിക്കാന്‍ കഴിയാത്തവരാണ് പരിവാര്‍ സംഘങ്ങളെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.