സമുദ്രവും ബഹിരാകാശവും മത്സരവേദിയാകരുതെന്ന് മോദി

സിംഗപ്പൂര്‍: സമുദ്രവും ബഹിരാകാശവും സൈബര്‍ ലോകവും മത്സരവേദികളാവരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവ സമൃദ്ധി പങ്കിടാനുള്ള വീഥികളാകണമെന്ന് സിംഗപ്പൂരില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇതിനായി മേഖലയിലെ രാജ്യങ്ങളുമായും പൂര്‍വേഷ്യ ഉച്ചകോടിയിലെ പങ്കാളികളുമായും സഹകരിക്കാന്‍ ഇന്ത്യ സന്നദ്ധമാണ്.
ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് അടുത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യയും ചൈനയും എങ്ങനെയാണ് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നത് എന്നതും അദ്ദേഹം വിശദീകരിച്ചു. എല്ലാ രാജ്യങ്ങളുടെയും അനുവാദത്തോടെ സഹകരണപരമായ ഭാവി വാര്‍ത്തെടുക്കാന്‍ പൂര്‍വേഷ്യ ഉച്ചകോടിയിലും മറ്റ് സമാനവേദികളിലും ഒരുമിച്ചുപ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തീവ്രവാദത്തെ മതത്തില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട മോദി, തീവ്രവാദം ഒരുപാട് ജീവനുകളെടുക്കുന്നതിനൊപ്പം സമ്പദ്വ്യവസ്ഥയെയും തകരാറിലാക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇതിനെതിരെ രാജ്യങ്ങളും സമൂഹങ്ങളും ഒരുമിച്ചുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


മലേഷ്യയുമായി മൂന്ന് ധാരണപത്രം
പുത്രജയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയും മലേഷ്യയും മൂന്ന് ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്‍െറയും മോദിയുടെയും സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. സൈബര്‍ സുരക്ഷ, സാംസ്കാരികം, പദ്ധതി കൈമാറ്റം എന്നീ മേഖലകളിലാണ് കരാറെന്ന് മോദി പറഞ്ഞു. ധാരണപത്രം ഒപ്പുവെച്ച ശേഷം നജീബ് റസാഖിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ സുരക്ഷക്ക് സഹകരണം ഉറപ്പാക്കുന്ന കരാറാണ് ഇവയില്‍ ഏറ്റവും പ്രധാനമെന്ന് മോദി പറഞ്ഞു. സൈബര്‍ കേസുകളില്‍ വിവരങ്ങള്‍ കൈമാറുക, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, പരസ്പര സഹകരണം എന്നിവ ഉറപ്പാക്കുന്നതാണ് കരാര്‍. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും സൈബര്‍ സെക്യൂരിറ്റി മലേഷ്യയുമായാണ് കരാറില്‍ ഒപ്പുവെച്ചത്. സര്‍ക്കാറിന്‍െറ സാംസ്കാരിക പരിപാടികളുടെ കാര്യക്ഷമത വളര്‍ത്തുകയും വിലയിരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാമത്തെ ധാരണാപത്രം ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിലെയും സാംസ്കാരിക പ്രവര്‍ത്തകരുടെ സന്ദര്‍ശനം, ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയില്‍ സഹകരിക്കും. തീവ്രവാദത്തിനെതിരായ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ നിലപാട് സ്തുത്യര്‍ഹമാണ്. മേക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി പദ്ധതികളില്‍ മലേഷ്യയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയില്‍ സഹകരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു. ക്വാലാലംപുരില്‍ ഇന്ത്യ നിര്‍മിച്ച ടൊറാന ഗേറ്റ് ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 11 ലക്ഷം ഡോളര്‍ ചെലവിട്ടാണ് ഗേറ്റ് നിര്‍മിച്ചത്. ഈ ഗേറ്റ് ഇന്ത്യയുടെ സമ്മാനമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്നും മോദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.