ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൊത്തം 23.55 ശതമാനം ശമ്പള വര്‍ധനക്ക് ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ. കമീഷന്‍ അധ്യക്ഷന്‍ എ.കെ. മഥൂര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് ശിപാര്‍ശകള്‍ സമര്‍പ്പിച്ചു. 47 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 52 ലക്ഷത്തിലേറെയുള്ള പെന്‍ഷന്‍കാര്‍ക്കുമാണ് വര്‍ധനയുടെ ആനുകൂല്യം ലഭിക്കുക. മന്ത്രിസഭ അംഗീകരിക്കുന്നതോടെ വര്‍ധന പ്രാബല്യത്തില്‍വരും. ശമ്പള വര്‍ധന കേന്ദ്ര ഖജനാവിന് 1.02 ലക്ഷം കോടിയുടെ ബാധ്യതയുണ്ടാക്കും. ഡി.എ 50 ശതമാനം വര്‍ധിക്കുമ്പോള്‍ ഗ്രാറ്റ്വിറ്റി പരിധി 25 ശതമാനമായി ഉയര്‍ത്തണം. സൈനിക ഓഫിസര്‍മാരുടെ ശമ്പളം ഇരട്ടിയാകും.
എച്ച്.ആര്‍.എ എക്സ് വിഭാഗത്തില്‍പെട്ട നഗരങ്ങളില്‍ 24 ശതമാനം. വൈ വിഭാഗത്തില്‍പെടുന്ന നഗരങ്ങളില്‍ 16 ശതമാനം. ഇസെഡ് വിഭാഗത്തില്‍പെട്ട നഗരങ്ങളില്‍ 8 ശതമാനം. ഡി.എ 50 ശതമാനമായി ഉയര്‍ന്നാല്‍ എച്ച്.ആര്‍.എ എക്സ് നഗരങ്ങളില്‍ 27 ശതമാനവും വൈ നഗരങ്ങളില്‍ 18 ശതമാനവും ഇസെഡ് നഗരങ്ങളില്‍ ഒമ്പത് ശതമാനവുമായി ഉയരും. ഡി.എ 100 ശതമാനം കടന്നാല്‍ എച്ച്.ആര്‍.എ യഥാക്രമം എക്സ്,വൈ, ഇസെഡ് നഗരങ്ങള്‍ക്ക് 30,20,10 ശതമാനമാകും. ജീവനക്കാര്‍ക്ക് പ്രവര്‍ത്തനമികവിന് അനുസരിച്ച് വേതന വര്‍ധനക്ക് ശിപാര്‍ശ.
ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കുന്ന പ്രവര്‍ത്തനമികവ് മാനദണ്ഡം കൂടുതല്‍ കടുത്തതാക്കി. ‘ഗുഡ്’ പോര ‘വെരി ഗുഡ്’ വേണം. മാനദണ്ഡം പാലിക്കാന്‍ കഴിയാത്തവര്‍ക്ക് ആദ്യത്തെ 20 വര്‍ഷംവരെ വാര്‍ഷിക ഇന്‍ക്രിമെന്‍റ് ഇല്ല. ഗ്രേഡ് പേ, പേ ബാന്‍റ് നിര്‍ത്തലാക്കി, പകരം പേ മാട്രിക്സ് സംവിധാനം, സെന്‍ട്രല്‍ ഗവ.എംപ്ളോയീസ് ഗ്രൂപ് ഇന്‍ഷുറന്‍സ് കവര്‍ ഉയര്‍ത്തി. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുതിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്കീം വേണമെന്ന് ശിപാര്‍ശ. സേവനത്തിനിടെ മരിക്കുന്ന അര്‍ധ സൈനികരുടെ ആശ്രിതര്‍ക്ക് സൈനികര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യം നല്‍കണം. പുതിയ പെന്‍ഷന്‍ സംവിധാനത്തിലെ പരാതി പരിഹരിക്കാന്‍ ശക്തമായ സംവിധാനം ഉണ്ടാകണം. പലിശയില്ലാത്ത എല്ലാ ശമ്പള അഡ്വാന്‍സും നിര്‍ത്തലാക്കി. വീട് നിര്‍മിക്കുന്നതിനുള്ള പലിശയോടെയുള്ള ശമ്പള അഡ്വാന്‍സ് 7.5 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തി. 52 വിവിധ അലവന്‍സുകള്‍ റദ്ദാക്കാന്‍ ശിപാര്‍ശ, 36 അലവന്‍സുകള്‍ നിലവിലുള്ളവയില്‍ ലയിപ്പിക്കും. റിസ്ക് ആന്‍ഡ് ഹാര്‍ഡ്ഷിപ് അലവന്‍സ് കണക്കാക്കാന്‍ പുതിയ നൈന്‍ സെല്‍ റിസ്ക് ഹാര്‍ഡ്ഷിപ് മാട്രിക്സ്. ഗ്രൂപ് ‘എ’ ഓഫിസര്‍മാരുടെ ഗ്രേഡ് റിവ്യൂവില്‍ സമൂലമാറ്റം.
വേഗത്തില്‍ നടപ്പാക്കും -മന്ത്രി ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ പരിശോധിച്ച് വേഗത്തില്‍ നടപ്പാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
കമീഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ പരിഗണിക്കാനിരിക്കുന്ന വിഷയമായതിനാല്‍ കമീഷന്‍െറ ശിപാര്‍ശകള്‍ സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ശിപാര്‍ശ പരിശോധിക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട കമ്മിറ്റി ഉണ്ടാക്കും. ശമ്പള വര്‍ധന നടപ്പാക്കുന്നതിന് ഉന്നതാധികാര സമിതിയും രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.