ന്യൂഡല്‍ഹി: മൃഗസംരക്ഷണച്ചട്ടം പാലിച്ച് അപകടകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതി അനുമതി നൽകി. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ കേരള ഹൈകോടതി ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍െറ ഇടക്കാല ഉത്തരവ്. മനുഷ്യജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. എന്നാല്‍, നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാകില്ല. തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിനാവശ്യമായ അടിസ്ഥാന സൗകര്യം തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കണം. നിയമം കര്‍ശനമായി നടപ്പാക്കാത്തതാണ് തെരുവുനായ ശല്യം കൂടാന്‍ കാരണമെന്ന് കോടതി നിരീക്ഷിച്ചു.
ഇടക്കാല ഉത്തരവിന്‍െറ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. അന്തിമ വിധി വരുംവരെ ഹൈകോടതികള്‍ തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.നായ്ക്കളോട് അനുകമ്പ വേണമെന്നും വിവേചനരഹിതമായി അവയെ കൊല്ലരുതെന്നുമുള്ള കാര്യത്തില്‍ സംശയമില്ല. അതേസമയം, മനുഷ്യജീവന്‍ രക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നായ്ക്കളുടെ കടിയില്‍നിന്ന് മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
തെരുവുനായ്ക്കളുടെ എണ്ണവും അവക്കൊരുക്കിയ സൗകര്യങ്ങളും സംബന്ധിച്ച സത്യവാങ്മൂലം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
അന്തിമ വിധി പുറപ്പെടുവിക്കാനായിട്ടില്ലെന്നും കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ അടുത്ത വര്‍ഷം മാര്‍ച്ച് ഒമ്പതിന് അന്തിമ വാദം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.