ഹിന്ദുത്വത്തെ ശക്തിപ്പെടുത്താന്‍ ഗാന്ധിയെ കൊന്നത് തെറ്റായെന്ന് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി:  മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോദ്സെയെ തൂക്കിക്കൊന്നതിന്‍െറ 66ാം വാര്‍ഷികം ഏതാനും ഹിന്ദു സംഘടനകള്‍ രാജ്യവ്യാപകമായി ‘ബലിദാന്‍ ദിവസ്’ ആയി ആചരിച്ചു. ഹിന്ദുമഹാസഭ, ഹിന്ദുസേന, മഹാറാണ പ്രതാപ് ബറ്റാലിയന്‍ എന്നീ സംഘടനകളാണ് ബലിദാന്‍ ദിവസ് ആചരണത്തിന് നേതൃത്വം നല്‍കിയത്. ഇതാദ്യമായാണ് ഗോദ്സെയുടെ ബലിദാനം ഹിന്ദുസംഘടനകള്‍ ദേശീയതലത്തില്‍ ഇത്രയും വിപുലമായ രീതിയില്‍ ആചരിക്കുന്നത്. രാജ്യത്തെ 120 കേന്ദ്രങ്ങളിലാണ് ഇത്തവണ ഗോദ്സെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ഗാന്ധി ഘാതകന്‍ ഗോദ്സെക്ക് ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ച സംഘടനയായ ഹിന്ദുമഹാസഭയാണ് ദേശവ്യാപകമായി ദിനാചരണത്തിന് മുന്‍കൈയെടുത്തത്. യുക്തിവാദി ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സസ്തയും ദിനാചരണ ചടങ്ങില്‍ പങ്കെടുത്തു.
‘നാഥുറാം ഗോദ്സെ, യഥാര്‍ഥത്തില്‍ മറന്നുപോയ നായകന്‍’ എന്ന പേരില്‍ ഒരു വെബ്സൈറ്റിനും അഖില ഭാരതീയ ഹിന്ദുമഹാസഭ തുടക്കം കുറിച്ചു.  ഗോദ്സെയെക്കുറിച്ചുള്ള അറിവ് പൊതുജനങ്ങളിലത്തെിക്കാനാണ് വെബ്സൈറ്റ് തുടങ്ങുന്നതെന്ന് ഹിന്ദുമഹാസഭക്ക് കീഴിലുള്ള വിശ്വഹിന്ദുപീഠ് പ്രസിഡന്‍റ് മദന്‍ ആചാര്യ പറഞ്ഞു. വിഭജനത്തില്‍ മഹാത്മാഗാന്ധി പങ്കുവഹിച്ചതുകൊണ്ടാണ് നാഥുറാം ഗോദ്സെ കൊന്നതെന്ന് ഹിന്ദുമഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ പറഞ്ഞു. ഹിന്ദുത്വത്തെ ശക്തിപ്പെടുത്താന്‍ ഗാന്ധിജിയെ കൊന്നത് തെറ്റായിരുന്നുവെന്ന് ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ എം.ജി. വൈദ്യ പറഞ്ഞു.  ഇന്ത്യയിലെ ആദരണീയനായ  വ്യക്തിയായ ഗാന്ധിജിയെ കൊന്നത് ഒരു തിന്മയായിട്ടാണ്  കരുതുന്നതെന്നും വൈദ്യ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.