വാടക ഗര്‍ഭപാത്ര നിരോധത്തിന് ഭാഗിക സ്റ്റേ


മുംബൈ: വിദേശ ദമ്പതികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭപാത്രം നല്‍കുന്നത് തടയുന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് ബോംബെ ഹൈകോടതിയുടെ ഭാഗിക സ്റ്റേ. കേന്ദ്രസര്‍ക്കാറിന്‍െറയും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലിന്‍െറയും നിര്‍ദേശം വരും മുമ്പേ വാടക ഗര്‍ഭപാത്രം നേടുകയും ചികിത്സയിലിരിക്കുകയും ചെയ്യുന്നവര്‍ക്ക് വിലക്ക് ബാധകമാക്കരുതെന്ന് ജസ്റ്റിസ് രവി ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് വിധിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഫെര്‍ട്ടിലിറ്റി ക്ളിനിക്ക് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് വിധി. നിലവില്‍ ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ കോടതി ക്ളിനിക്കുകള്‍ക്ക് നിര്‍ദേശവും നല്‍കി. ഇനിമുതല്‍ വിദേശ ദമ്പതികള്‍ക്ക് വാടകക്ക് ഗര്‍ഭപാത്രം നല്‍കരുതെന്നും കോടതി ആവശ്യപ്പെട്ടു.
ചികിത്സയിലുള്ളവരെ നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ ബുധനാഴ്ചയാണ് ഹൈകോടതി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും വാടക ഗര്‍ഭപാത്ര നിരോധ നിയമം ബാധകമല്ളെന്ന് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദേശ ദമ്പതികള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ വാടക ഗര്‍ഭപാത്രം നല്‍കരുതെന്നു നിര്‍ദേശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് കൗണ്‍സില്‍ ക്ളിനിക്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
2005ലെ നിയമപ്രകാരമാണ് വിദേശികള്‍ക്ക് വാടക ഗര്‍ഭപാത്രം നല്‍കുന്നതും അതിനായി വിസ അനുവദിക്കുന്നതെന്നും പറഞ്ഞ ഹരജിക്കാര്‍, അതിനുള്ള ചികിത്സ സങ്കീര്‍ണവും ദീര്‍ഘവുമാണെന്നും നീണ്ട ചികിത്സകള്‍ക്കുശേഷം പല കേസുകളും ബീജം സ്വീകരിക്കേണ്ട ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നും കോടതിയില്‍ പറഞ്ഞു. ഇവരുടെ വാദം അംഗീകരിച്ചാണ് ചികിത്സയിലുള്ളവരെ നിരോധ നിയമത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച കോടതി ശാരീരിക, മാനസിക അധ്വാനവും പണച്ചെലവും വേദനയും സഹിച്ചിരിക്കുന്നവര്‍ക്കുനേരെ കണ്ണടക്കുന്നത് നീതിയെ പരിഹസിക്കുന്നതിന് സമാനമാകുമെന്ന് ചൂണ്ടിക്കാട്ടി. ഡിസംബര്‍ 15ന് ഹരജിയില്‍ തുടര്‍വാദം കേള്‍ക്കും. അന്ന് വാടക ഗര്‍ഭപാത്ര നിരോധം എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.