സായിബാബയുടെ ജാമ്യം റദ്ദാക്കി; രണ്ടു ദിവസത്തിനകം കീഴടങ്ങണം

നാഗ്പുര്‍: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം ലഭിക്കുകയും ചെയ്ത ഡല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍ ജി.എന്‍. സായിബാബയോട് 48 മണിക്കൂറിനകം കീഴടങ്ങാന്‍ കോടതി നിര്‍ദേശം. സായിബാബയുടെ ജാമ്യം നീട്ടണമെന്ന ഹരജി തള്ളി ബോംബെ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ്  നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നേരിട്ട് കീഴടങ്ങാന്‍ നിര്‍ദേശിച്ചത്. നീതിന്യായ വ്യവസ്ഥക്കെതിരെ വിമര്‍ശമുന്നയിച്ച  എഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്കെതിരെ ജസ്റ്റിസ് അരുണ്‍ ചൗധരി കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചു. സായിബാബ വിഷയത്തില്‍ എഴുതിയ ലേഖനത്തിലാണ് അരുന്ധതി റോയ് കോടതിക്കെതിരെ വിമര്‍ശം നടത്തിയത്. നോട്ടീസിന് ജനുവരി 25നകം മറുപടി നല്‍കണം.
രണ്ടു ദിവസത്തിനകം സായിബാബ നേരിട്ട് കീഴടങ്ങിയില്ളെങ്കില്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന സായിബാബയുടെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി  അദ്ദേഹത്തിന്‍െറ ജാമ്യം നീട്ടണമെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.  എന്നാല്‍, ഇത് കോടതി തള്ളി. നാഗ്പുര്‍ ജയിലിലായിരുന്ന സമയത്ത് സായിബാബക്ക് ഡോക്ടര്‍മാര്‍ കൃത്യമായ വൈദ്യസഹായം നല്‍കിയിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സായിബാബക്കെതിരെയുള്ള  തെളിവുകള്‍ ദുര്‍ബലമാണെന്ന വാദവും ഹൈകോടതി തള്ളി. ജാമ്യാപേക്ഷ സിംഗ്ള്‍ ബെഞ്ച് മുമ്പ് തള്ളിയത് ഗൗരവമായി കണ്ടില്ളെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം മേയിലാണ് സായിബാബയെ മാവോവാദി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് ഡല്‍ഹി യൂനിവേഴ്സിറ്റി കാമ്പസില്‍വെച്ച് അറസ്റ്റ് ചെയ്തത്. ശാരീരിക വൈകല്യമുള്ള ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കുന്നില്ളെന്ന് കാണിച്ച് മനുഷ്യാവകാശപ്രവര്‍ത്തകയായ പൂര്‍ണിമ ഉപാധ്യായ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഇത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ച്, 2015 ജൂണിലാണ് ഇദ്ദേഹത്തിന് മൂന്നു മാസത്തേക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.