വി.എച്ച്.പി നീക്കത്തില്‍ പ്രകോപിതരാകരുതെന്ന് മുസ്ലിം നേതാക്കള്‍

അയോധ്യ: വി.എച്ച്.പിയുടെ രാമക്ഷേത്ര നിര്‍മാണനീക്കം സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ഇതില്‍ പ്രകോപിതരാകരുതെന്നും മുസ്ലിം നേതാക്കളുടെ അഭ്യര്‍ഥന. മുസ്ലിംകളില്‍നിന്ന് പ്രകോപനപരമായ പ്രതികരണം പ്രതീക്ഷിച്ചാണ് വി.എച്ച്.പി ഇപ്പോള്‍ ക്ഷേത്രനിര്‍മാണത്തിനെന്ന പേരില്‍ കല്ലുകളത്തെിക്കുന്നതെന്ന് ബാബരി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജീലാനി പറഞ്ഞു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയവത്കരണത്തിലൂടെ നേട്ടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് മുന്‍കൂട്ടി കണ്ട് മുസ്ലിംകള്‍ പ്രകോപനപരമായ പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണം. ‘ക്ഷേത്രനിര്‍മാണത്തിന് കല്ലുകളത്തെിക്കുന്നതല്ല ഞങ്ങളെ ആശങ്കയിലാക്കുന്നത്. അത് തികച്ചും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. ഇതുമായി ബന്ധപ്പെട്ട് വി.എച്ച്.പി നേതാക്കള്‍ നടത്തുന്ന വിഷലിപ്തമായ പ്രസ്താവനകളാണ് ഉത്കണ്ഠയുളവാക്കുന്നത്. ഇവ സാമുദായിക സൗഹാര്‍ദം തകര്‍ക്കും’ -ജീലാനി ചൂണ്ടിക്കാട്ടി.
തര്‍ക്കഭൂമിയോട് തൊട്ടടുത്ത 67 ഏക്കറില്‍ ഒരുവിധ നിര്‍മാണവും നടത്താന്‍ പാടില്ളെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും അതുകൊണ്ടുതന്നെ വി.എച്ച്.പി നടപടി നിയമവിരുദ്ധമാണെന്നും ഫൈസാബാദ് ഹിലാല്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിഖ് അഹമ്മദ് ഖാന്‍ പറഞ്ഞു. അതിനിടെ, വി.എച്ച്.പി നീക്കത്തിന്‍െറ വെളിച്ചത്തില്‍ കരുതലോടെയിരിക്കാന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വി.എച്ച്.പി നടപടികളെക്കുറിച്ച് ഇന്‍റലിജന്‍സ് വിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രി രഹസ്യ റിപ്പോര്‍ട്ട് തേടി.

രാമക്ഷേത്രം ഓരോ ഇന്ത്യക്കാരന്‍െറയും ആഗ്രഹം –വെങ്കയ്യ
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നതെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. എപ്പോള്‍, എവിടെ, എങ്ങനെ എന്നതാണ് വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൈസാബാദിലെ വി.എച്ച്.പി ഭൂമിയിലേക്ക് ക്ഷേത്രനിര്‍മാണത്തിന് രണ്ടു ലോഡ് കല്ലുകള്‍ കൂടി ഇറക്കിയ പ്രശ്നത്തെച്ചൊല്ലി രാജ്യസഭ സ്തംഭിച്ചതിനു പിന്നാലെയാണ് വെങ്കയ്യ നായിഡു വാര്‍ത്താസമ്മേളനത്തില്‍ ഇതു പറഞ്ഞത്. കൂടുതല്‍ വിശദാംശങ്ങളിലേക്ക് മന്ത്രി കടന്നില്ല. പാര്‍ലമെന്‍ററികാര്യ മന്ത്രി എന്ന നിലയില്‍ ഇതിലേക്കൊന്നും കടക്കുന്നില്ളെന്ന് പറഞ്ഞപ്പോള്‍ തന്നെയായിരുന്നു, ഇന്ത്യക്കാരന്‍െറ ആഗ്രഹമെന്ന പേരില്‍ മന്ത്രി ക്ഷേത്രനിര്‍മാണ താല്‍പര്യം പ്രകടിപ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.