ബി.എസ്.എന്‍.എല്‍ വിളിക്കുന്നു; വന്‍ ഇളവുമായി

ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഇളവുമായി ബി.എസ്.എന്‍.എല്‍. പുതിയ വരിക്കാര്‍ക്ക് ആദ്യത്തെ രണ്ടു മാസം മൊബൈല്‍ നിരക്കില്‍ 80 ശതമാനമാണ് ഇളവ് നല്‍കുന്നത്. 36, 37 രൂപയുടെ പ്ളാന്‍ വൗച്ചര്‍ വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം. മിനിറ്റ്, സെക്കന്‍ഡ് ബില്ലിങ് പ്ളാനുകള്‍ക്ക് ഇത് ബാധകമാണ്. ബി.എസ്.എന്‍.എല്ലിന്‍െറ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിന്‍െറ സേവനം മനസ്സിലാക്കാനാണ് ഈ ഇളവ് നല്‍കുന്നതെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
37 രൂപയുടെ പുതിയ കണക്ഷനെടുക്കുന്ന ഉപഭോക്താവ് ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്കിലേക്ക് ലോക്കല്‍, എസ്.ടി.ഡി കാളുകള്‍ക്ക് മിനിറ്റിന് 10 പൈസ നല്‍കിയാല്‍ മതി. മറ്റ് നെറ്റ്വര്‍ക്കിലേക്ക് മിനിറ്റിന് 30 പൈസയാണ് നിരക്ക്. 36 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്കിലേക്കുള്ള ലോക്കല്‍, എസ്.ടി.ഡി കാളുകള്‍ക്ക് മൂന്നു സെക്കന്‍ഡിന് ഒരു പൈസ നല്‍കിയാല്‍ മതി. ഈ പ്ളാനില്‍ മറ്റ് നെറ്റ്വര്‍ക്കിലേക്ക് മൂന്നു സെക്കന്‍ഡിന് രണ്ടു പൈസയാണ്.
സേവനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലുള്ള പരാതികള്‍ നിരീക്ഷിക്കാനും  ബി.എസ്.എന്‍.എല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ ബി.എസ്.എന്‍.എല്ലിന് 1,57,564 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം, ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 1,24,158 ഉപഭോക്താക്കള്‍ കണക്ഷന്‍ ഉപേക്ഷിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 7.96 കോടി കവിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.