മുംബൈ പൊലീസ് കമീഷണര്‍ അഹ്മദ് ജാവേദ് സൗദി അംബാസഡര്‍

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയായി മുംബൈ പൊലീസ് കമീഷണര്‍ അഹ്മദ് ജാവേദിനെ നിയമിച്ചു. 1980 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജാവേദ് 2016 ജനുവരി 31ന് വിരമിക്കാനിരിക്കെയാണ് നിയമനം.  കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാകും ചുമതലയേല്‍ക്കുകയെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സൗദി അംബാസഡര്‍ പദവി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്നതിനു പുറമെ എണ്ണക്ക് ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യവുമാണ് സൗദി അറേബ്യ.
1956 ജനുവരി രണ്ടിന് ലഖ്നോവില്‍ രാജകുടുംബത്തിലായിരുന്നു ജനനം. പിതാവ് ഖാസി മുക്താര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. ലഖ്നോ, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു പഠനം. ശമ്പളത്തില്‍നിന്ന് ഒരു രൂപ മാത്രമാണ് കൈപ്പറ്റുന്നത്. ശേഷിച്ച തുക പൊലീസ് ക്ഷേമ ഫണ്ടിനാണ്. മറ്റു രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡറാകുന്ന മഹാരാഷ്ട്ര ഐ.പി.എസ് ബാച്ചിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ജാവേദ്. മുന്‍ മുംബൈ പൊലീസ് കമീഷണറായ ജുലിയൊ റിബേറൊയാണ് ആദ്യത്തെയാള്‍. 1989 മുതല്‍ 1993 വരെ റുമേനിയയില്‍ അംബാസഡറായിരുന്നു റിബേറൊ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.