സോണിയ ഭയന്നു; തന്നെ ‘വെട്ടി’ റാവുവിനെ പ്രധാനമന്ത്രിയാക്കി –പവാർ

ന്യൂഡൽഹി: നെഹ്റു കുടുംബത്തിന് കോൺഗ്രസിലുള്ള മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് തന്നെ ‘വെട്ടി’ 1991ൽ പി.വി. നരസിംഹ റാവുവിന് പ്രധാനമന്ത്രിക്കസേര നൽകിയതെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. താൻ വിശ്വസ്തനായിരിക്കില്ലെന്ന് ഉപജാപകവൃന്ദം സോണിയ ഗാന്ധിക്ക് മുന്നറിയിപ്പു നൽകി. വയസ്സനായ, രോഗബാധിതനായ റാവുവാണ്, പ്രായം കുറഞ്ഞ തന്നേക്കാൾ നേതൃത്വത്തിന് താൽപര്യം. ഇഷ്ടം പോലെ മാറ്റുകയോ മെരുക്കുകയോ ചെയ്യാൻ കഴിയുന്നയാളെന്ന ഉപദേശമാണ് സോണിയ സ്വീകരിച്ചതെന്ന് പവാർ പറയുന്നു. 75ാം പിറന്നാൾ പ്രമാണിച്ച് പുറത്തിറക്കുന്ന ‘ലൈഫ് ഓൺ മൈ ടേംസ് ഫ്രം ഗ്രാസ് റൂട്സ് ആൻഡ് കോറിഡോർസ് ഓഫ് പവർ’ എന്ന പുസ്തകത്തിലാണ് ശരദ് പവാർ പഴയകാലം ഓർക്കുന്നത്. ഡൽഹിയിൽ വ്യാഴാഴ്ച ജന്മദിനാഘോഷ ചടങ്ങിൽ സോണിയ ഗാന്ധി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തിരുന്നു.

അനാരോഗ്യത്തിനൊടുവിൽ റാവു പിന്മാറേണ്ടി വരുമ്പോൾ പ്രധാനമന്ത്രിസ്ഥാനം കൈയടക്കാമെന്ന് കരുതി തന്ത്രം പ്രയോഗിച്ച അർജുൻ സിങ്ങും മറ്റ് ഉപദേശികളുമാണ് തെൻറ അവസരം കളഞ്ഞത്. 10–ജൻപഥുമായി അടുത്തുപ്രവർത്തിച്ച മലയാളികളായ പി.സി അലക്സാണ്ടർ, വിൻസൻറ് ജോർജ് എന്നിവരും പവാറിെൻറ പുസ്തകത്തിൽ ‘പ്രതി’സ്ഥാനത്താണ്. സ്വതന്ത്ര ചിന്തയുള്ള ഒരാളെയാക്കാൻ സോണിയ താൽപര്യപ്പെട്ടില്ല. നരസിംഹ റാവു തെരഞ്ഞെടുപ്പിനു മുമ്പേ അനാരോഗ്യം മൂലം രാഷ്ട്രീയത്തിൽനിന്ന് പിൻവലിഞ്ഞിരുന്നു. 50 വയസ്സു മാത്രമുള്ള താൻ പ്രധാനമന്ത്രിയായാൽ, കാലം ചെല്ലുമ്പോൾ പാർട്ടി കൈയടക്കുമെന്ന് നേതൃത്വത്തെ അവർ ധരിപ്പിച്ചു.

എം.എൽ. ഫൊത്തേദാർ, ആർ.കെ ധവാൻ, അർജുൻ സിങ്, വിൻസൻറ് ജോർജ് തുടങ്ങിയവരായിരുന്നു ഈ കളിക്കു പിന്നിൽ. ഒടുവിൽ 35 വോട്ടിെൻറ ഭൂരിപക്ഷത്തിൽ റാവു നേതാവായി. ഇന്ദിര ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.സി അലക്സാണ്ടർ ദൂതനായി പിന്നീട് നടന്ന ചർച്ചയിൽ പ്രധാന മൂന്നു വകുപ്പുകളിലൊന്ന് തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. അങ്ങനെ പ്രതിരോധ മന്ത്രിയായി. 1997ൽ വാജ്പേയി സർക്കാറിനെ അവിശ്വാസ പ്രമേയത്തിലൂടെ ഒറ്റ വോട്ടിന് മറിച്ചിടാൻ കാരണക്കാരനായത് താനാണെന്നും ശരദ്പവാർ അവകാശപ്പെടുന്നു. ബി.എസ്.പി നേതാവ് മായാവതിക്ക് ഉണ്ടായിരുന്ന അഞ്ച് വോട്ടുകൾ അവസാന മിനിട്ടുകളിൽ സ്വാധീനിച്ചത് താനാണ്.

വാജ്പേയി മന്ത്രിസഭ വീഴുന്നതാണ് ബി.എസ്.പിക്ക് നല്ലതെന്ന് മായാവതിയെ ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞു. വോട്ടെടുപ്പിനു തൊട്ടുമുമ്പത്തെ മിനിട്ടുകളിലായിരുന്നു ഇത്. ലോക്സഭയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വോട്ടുനില തെളിഞ്ഞപ്പോൾ വാജ്പേയി സർക്കാറിന് ഒരു വോട്ട് കുറവ്. ആരാണ് കളിച്ചതെന്ന് ഓരോരുത്തരും തലപുകച്ചു. പക്ഷേ, മൗനമാണ് നല്ലതെന്ന് താൻ ചിന്തിച്ചെന്നും പവാർ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.