ന്യൂഡല്‍ഹി: കേരളത്തില്‍നിന്നും പശ്ചിമബംഗാളില്‍നിന്നും എന്‍.ഡി.എ സര്‍ക്കാര്‍ ലോക്സഭയിലേക്ക് നാമനിര്‍ദേശം ചെയ്ത രണ്ട് ആംഗ്ളോ ഇന്ത്യന്‍ എം.പിമാര്‍ക്കും മൂക്കുകയറിട്ട ബി.ജെ.പി അവരെ പാര്‍ട്ടി എം.പിമാരാക്കി മാറ്റി. തലശ്ശേരി സ്വദേശിയും എന്‍.ആര്‍.ഐക്കാരനുമായ റിചാര്‍ഡ് ഹേ, ബംഗാളി നടനും കൊല്‍ക്കത്ത സ്വദേശിയുമായ ജോര്‍ജ് ബേക്കര്‍ എന്നിവരെയാണ് ബി.ജെ.പി അംഗങ്ങളാക്കിത്. ഇതോടെ, ബി.ജെ.പി വിപ്പ് ഇരുവര്‍ക്കും ബാധകമായി. ഇവരെ ബി.ജെ.പി അംഗങ്ങളായിട്ടായിരിക്കും സര്‍ക്കാര്‍ പരിഗണിക്കുകയെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു രേഖാമൂലം ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനെ അറിയിച്ചു. ഇരുവരെയും മേലില്‍ സഭയില്‍ ബി.ജെ.പി എം.പിമാരായി പരിഗണിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 10ാം ഷെഡ്യൂള്‍ പ്രകാരം ലോക്സഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആംഗ്ളോ ഇന്ത്യന്‍ എം.പിമാര്‍ക്ക് ആറു മാസത്തിനകം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരാമെന്നും മുമ്പും അങ്ങനെയുണ്ടായിട്ടുണ്ടെന്നും ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാര്യ പറഞ്ഞു. ബി.ജെ.പിയില്‍ ചേര്‍ന്നശേഷവും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെന്ന പേരില്‍തന്നെ അവര്‍ അറിയപ്പെട്ടാലും വോട്ടെടുപ്പ് അടക്കമുള്ള സമയങ്ങളില്‍ പാര്‍ട്ടി വിപ്പ് അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാകുമെന്ന് ബി.ജെ.പി കൂട്ടിച്ചേര്‍ത്തു.
സുമിത്ര മഹാജന്‍ സ്പീക്കറാകുകയും മധ്യപ്രദേശിലെ രത്ലത്തില്‍നിന്നുള്ള എം.പി മരിക്കുകയും ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്തപ്പോള്‍ ലോക്സഭയിലെ ബി.ജെ.പി അംഗസംഖ്യ 280 ആയി ചുരുങ്ങിയിരുന്നു. പുതിയ നീക്കത്തോടെ ലോക്സഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 282 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.